വേനലവധി തീരുന്നു; യു.എ.ഇ.യിലെ തുറക്കുന്നൂ സ്കൂളുകൾ

image illustration purpose only

ദുബായ്. വേനലവധികഴിഞ്ഞ് യു.എ.ഇ.യിലെ സ്കൂളുകൾ 29-ന് തുറക്കും. കഴിഞ്ഞ രണ്ടുവർഷം കോവിഡ് ദുരിതംകാരണം നാട്ടിൽ അവധിയാഘോഷിക്കാതിരുന്ന കുട്ടികൾ അവധികഴിഞ്ഞ് പുത്തൻ ഉണർവോടെ ക്ലാസുകളിലേക്ക് തിരിച്ചെത്തുകയാണ്. രണ്ടുമാസത്തെ അവധിക്കുശേഷമാണ് യു.എ.ഇ.യിലെ സ്കൂളുകളിൽ പഠനം പുനരാരംഭിക്കുന്നത്. സ്കൂളുകൾ അതിനായി അവസാനവട്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കുന്ന തിരക്കിലാണ്.

ക്ലാസുമുറികളുടെയടക്കം അറ്റകുറ്റപ്പണികൾ നിർവഹിക്കുക, ശുചീകരണം നടത്തുക, ഐ.ടി. അനുബന്ധപ്രവർത്തനങ്ങൾ കൂടുതൽ ‘സ്‍മാർട്ട്‌’ ആക്കുക, സ്കൂൾബസുകൾ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പുവരുത്തുക തുടങ്ങിയ പ്രവൃത്തികൾ ചെയ്യുന്നുണ്ട്. 25-നുതന്നെ അധ്യാപകരും മറ്റു ജീവനക്കാരും അവധി പൂർത്തിയാക്കി തിരിച്ച് ജോലിയിൽ പ്രവേശിക്കണമെന്ന് സ്കൂൾ അധികൃതർ നിർദേശിച്ചിട്ടുണ്ട്.

അവധിക്കാലംകഴിഞ്ഞ് പ്രവാസികുടുംബങ്ങൾ തിരിച്ചെത്തിത്തുടങ്ങി. കുട്ടികളുടെ സ്കൂൾ അവധിദിനങ്ങൾ കണക്കാക്കിയാണ് രക്ഷിതാക്കളും വാർഷിക അവധിയെടുക്കുന്നത്. പുതിയ അധ്യയനവർഷത്തോടനുബന്ധിച്ച് പഠനോപകരണങ്ങൾ, വസ്ത്രം, സ്റ്റേഷനറി, ഇലക്‌ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയ്ക്ക് വൻഇളവുകളുമായി യു.എ.ഇ. വിപണിയും സജീവമാണ്. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിൽ ഷോപ്പിങ് മാളുകളിൽ സാധനങ്ങൾക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ലൈബ്രറി, സ്റ്റേഷനറി എന്നിവ ഉൾപ്പെടുത്തി ‘ബാക് ടു സ്കൂൾ’ പ്രചാരണവും നടക്കുന്നുണ്ട്. സെപ്റ്റംബർ ഒമ്പതുവരെ നടക്കുന്ന പ്രചാരണത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സർക്കാർസംവിധാനങ്ങളും സജീവം

വിദ്യാർഥികളുടെ ആരോഗ്യസുരക്ഷയ്ക്ക് പ്രാധാന്യംനൽകി യു.എ.ഇ.യിലെ ആശുപത്രികളും പ്രവർത്തനം സജീവമാക്കി. ചില ആശുപത്രികളിൽ വിദ്യാർഥികൾക്കായി സൗജന്യ വൈദ്യപരിശോധനകളും ലഭ്യമാക്കുന്നുണ്ട്. ഇത്തരം പദ്ധതികൾ പ്രയോജനപ്പെടുത്തണമെന്നും സ്കൂളധികൃതർ രക്ഷിതാക്കളോട് നിർദേശിക്കുന്നു. അമിതഭാരം, കാഴ്ചാപ്രശ്നങ്ങൾ, ജീവകങ്ങളുടെ കുറവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ മുൻകൂട്ടി അറിയാനും ആവശ്യമായ ചികിത്സതേടുന്നതിനും വൈദ്യപരിശോധനകൾ സഹായകമാകുമെന്ന് സ്കൂളധികൃതർ അഭിപ്രായപ്പെട്ടു.

കുട്ടികൾക്ക് സുരക്ഷിതമായ യാത്രാസേവനങ്ങൾ ലഭ്യമാക്കുന്നതിനാവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തിയായതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ കീഴിലുള്ള ഡി.സി.ടി. കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

നിരീക്ഷണ ക്യാമറകൾ ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ബസുകൾ സജ്ജമാക്കിയിട്ടുളളത്.

ഡി.സി.ടി. കൺട്രോൾ സെന്ററുമായി സമന്വയിപ്പിച്ച് അടിയന്തര ആശയവിനിമയസംവിധാനങ്ങൾ, ജി.പി.എസ്. ട്രാക്കിങ്, ഓട്ടോമാറ്റിക് അഗ്നിശമനോപകരണങ്ങൾ തുടങ്ങിയ സൗകര്യങ്ങളും സ്കൂൾബസുകളിൽ ഒരുക്കിയിട്ടുണ്ട്. യു.എ.ഇ.യിൽ വേനലവധി ആഘോഷമാക്കാൻ ആരംഭിച്ച വേനൽക്യാമ്പുകൾ 26-ന് സമാപിക്കും