മനാമ: അനധികൃതമായി കഴിഞ്ഞ തൊഴില്‍, താമസ വിസ നിയമം ലംഘിച്ചവരെയും രേഖകളില്ലാത്ത തൊഴിലാളികളെയും കണ്ടെത്തുന്നതിനായി വ്യാപക പരിശോധന നടത്തിയതിൽ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) ഈ വര്‍ഷം 31,724 പരിശോധനകള്‍ നടത്തി.4537 വിദേശികളെ നാട് കടത്തിയതായും അധികൃതർ . സെപ്റ്റംബർ ഒന്നു മുതൽ ഏഴു വരെ വിവിധ ഗവർണറേറ്റുകളിലായി 2324 തൊഴിൽ പരിശോധനകളാണ് നടത്തിയത്. താമസ വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 55 പേരെ പിടികൂടുകയും ചെയ്തു. 20 സംയുക്ത പരിശോധന കാമ്പയിനുകൾക്ക് പുറമെ, ക്യാപിറ്റൽ ഗവർണറേറ്റിൽ 12 കാമ്പയിനുകൾ നടന്നു. മുഹറഖ് ഗവർണറേറ്റിൽ 2, നോർത്തേൺ ഗവർണറേറ്റിൽ 2, സതേൺ ഗവർണറേറ്റിൽ 4 എന്നിങ്ങനെ പരിശോധന കാമ്പയിനുകൾ നടത്തി.വിവിധ മന്ത്രാലയങ്ങളെ ഏകോപിച്ചാണ് പരിശോധന നടത്തിയത് . ദേശീയത, പാസ്പോർട്ട്, റെസിഡൻസ് അഫയേഴ്സ്, ഗവർണറേറ്റിന്റെ ബന്ധപ്പെട്ട പൊലീസ് ഡയറക്ടറേറ്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് വെർഡിക്റ്റ് എൻഫോഴ്സ്മെന്റ് ആൻഡ് ആൾട്ടർനേറ്റിവ് സെന്റൻസിങ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, വ്യവസായ വാണിജ്യ മന്ത്രാലയം, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി എന്നീ സർക്കാർ സ്ഥാപനങ്ങൾ സഹകരിച്ചാണ് ക്യാമ്പയിന് നടത്തിയത്. സന്ദർശക വിസകളുടെ ദുരുപയോഗം തടയുന്നതിനും ടൂറിസ്റ്റ് വിസയിലെത്തി തൊഴില്‍ തേടുന്നത് തടയുന്നതിനും കര്‍ശന നിയന്ത്രണങ്ങൾ അധികൃതർ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൊഴില്‍ ഉടമകള്‍ നല്കുന്ന പെര്‍മിറ്റില്ലാതെ ജോലിക്ക് എത്തുന്നവരെ പിടികൂടുമെന്നാണ് അറിയിപ്പ് നൽകിയിരിക്കുന്നത് .