ഫ്ളക്സി വർക്ക് പെർമിറ്റ് ബഹ്‌റൈൻ നിർത്തലാക്കുന്നു

By : Boby Theveril

മനാമ: ബഹ്റൈനിൽ ഫ്ലെക്‌സി വർക്ക് പെർമിറ്റുകൾക്ക് പകരം പുതിയ തൊഴിൽ വിപണി പരിഷ്‌കരണങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി.ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ഇത് സംബന്ധിച്ച് തീരുമാനത്തിന് ഉത്തരവിട്ടത് .നിലവിൽ ഒന്നിൽ കൂടുതൽ സ്പോൺസറുടെ കീഴിൽ ജോലി ചെയുവാൻ സാധിക്കുന്ന പെർമിറ്റാണു ഫ്ലൈക്സിബിൾ വർക്ക്‌ പെർമിറ്റ്‌. തൊഴിൽ ചൂഷണം തടയുന്നതിന്റെ ഭാഗമായാണ് ഫ്ളക്സ്കിബ്ൾ പെർമിറ്റ് സംവിധാനം ബഹ്‌റൈൻ നടപ്പിലാക്കിയത്. ഫീസും മറ്റു കാര്യങ്ങളും ലേബർ മാർക്കറ്റ് ജനറേറ്ററി അതോറിറ്റിയുമായി നേരിട്ടാണ് ഉപഭോക്താവ് ഇടപെട്ടിരുന്നത്.എന്നാൽ പുതിയ പരിഷ്കരണം പ്രവാസി തൊഴിലാളികൾക്കുള്ള സംരക്ഷണം വർധിപ്പിക്കുകയും ജോലിക്കായി രജിസ്റ്റർ ചെയ്യുന്നതിനോ തൊഴിൽ മാറ്റുന്നതിനോ ഉള്ള നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുകയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
തൊഴിലാളികളുടെ രജിസ്ട്രേഷൻ എളുപ്പമാക്കുന്നതിന് പുതിയ ലേബർ രജിസ്ട്രേഷൻ കേന്ദ്രങ്ങളും ഓൺലൈൻ രജിസ്ട്രേഷൻ പോർട്ടലും സ്ഥാപിക്കും,
ജോല ഇടങ്ങളിലെ സുരക്ഷ വർധിപ്പിക്കുന്നതിന് തൊഴിൽ പെർമിറ്റുകളെ തൊഴിലധിഷ്ഠിതവും തൊഴിൽപരവുമായ മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള പുതിയ നടപടികൾ സ്വീകരിക്കും.
തൊഴിലുടമകളുടെയും തൊഴിലാളികളുടെയും വ്യാപാര സമൂഹത്തിന്റെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലുടമകളെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ വർധിപ്പിക്കാനും തീരുമാനമെടുത്തതായും,
തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തർക്കങ്ങളിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ഇടപെടൽ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി പ്രവാസികളാണ് ഫ്ലക്സി വർക്ക് പെർമിറ്റിൽ വിവിധ മേഖലകളിൽ ബഹ്‌റൈനിൽ ഉപജീവനം നടത്തുന്നത്. പുതിയ തൊഴിൽ പരിഷ്കാരം അധികൃതർ നടപ്പിലാക്കുന്നതോടെ തൊഴിൽ രംഗത്ത് ചൂഷണങ്ങളും തർക്കങ്ങളും ഒഴിവാക്കാൻ സാധിക്കുമെന്നും തൊഴിൽ വിപണിയിൽ തൊഴിലാളികൾക്ക് വ്യക്തത കൈവരുമെന്നും എൽ എം ആർ എ അധികൃതർ വ്യക്തമാക്കുന്നു.