മനാമ : ബഹ്റൈനും ഇസ്രയേലും തമ്മിൽ കോവിഡ് വാക്സിനും ഗ്രീൻ പാസ്പോർട്ടും പരസ്പരം അംഗീകരിച്ചു കരാറിൽ ഒപ്പുവച്ചു . ഇതുസംബന്ധിച്ച് ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോക്ടർ ലത്തീഫ്ബിൻ റാഷിദ് അൽ സയാനിയും ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗാബി അഷ്കെനസിയും തമ്മിൽ കഴിഞ്ഞദിവസം നടത്തിയ ചർച്ചയിലാണ് തീരുമാനമായത് . കരാറിന്റെ അടിസ്ഥാനത്തിൽ ഇരു രാജ്യങ്ങളിലും എത്തുമ്പോൾ ക്വാറന്റീൻ ആവിശ്യമില്ല . വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണം . ഗ്രീൻ പാസ്പോര്ട്ട് ഉപയോഗിച്ച് ആവിശ്യമായ സ്ഥലങ്ങളിൽ പ്രവേശനം സാധ്യമാകും . ഇരുരാജ്യങ്ങളും അംഗീകരിച്ച വാക്സിൻ ആയിരിക്കണമെന്ന് കരാറിൽ വ്യവസ്ഥ ഉണ്ട് . ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ആയിരിക്കും തിരിച്ചറിയൽ നടപടികൾ നടത്തുക . വിനോദസഞ്ചാരം , വ്യാപാരം , സാമ്പത്തികം തുടങ്ങി മേഖലയിൽ കരാർ ശക്തിപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു .