മനാമ: ഈ വര്‍ഷത്തെ റമദാന് പരിപാടികള്‍ ഓണ്‍ലൈന്‍ വഴിയായിരിക്കുമെന്ന് ഒൗഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല് ഖലീഫ വ്യക്തമാക്കി. റമദാന് പടിവാതിലിൽ നില്ക്കുന്ന സാഹചര്യത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ എന്നിവര്‍ക്കും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അറബ്, ഇസ്ലാമിക സമൂഹത്തിനും അദ്ദേഹം റമദാന് ആശംസകള്‍ നേര്‍ന്നു. ഹമദ് രാജാവിന്റെ നിര്‍ദേശ പ്രകാരം അല്‍ ഫാതിഹ് ഗ്രാൻറ് മോസ്ക് ജുമുഅക്കും ഇശാ, തറാവീഹ് നമസ്കാരങ്ങള്ക്കുമായി തുറക്കുന്നതില്‍ സന്തോഷമുള്ളതായി അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ഖുതുബയും, ഇശാ, തറാവീഹ് നമസ്കാരങ്ങളും ചാനല്‍ വഴി ജനങ്ങളിലേക്കത്തെിക്കും. അഞ്ച് പേരായിരിക്കും ഈ ആരാധനാ കര്‍മങ്ങളില്‍ പങ്കെടുക്കുക. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കോഒാഡിനേഷന്‍ കമ്മിറ്റിയുടെയും ആരോഗ്യ മന്ത്രാലയത്തിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കും. റമദാനില്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന് സഹകരിക്കുമെന്നും മന്ത്രി പറഞ്ഞു. പുണ്ണ്യമാസത്തിലെ ദിനരാത്രങ്ങളെ ആത്മീയ ചൈതന്യത്തോടെ സ്വീകരിക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. റമദാനില്‍ വിവിധ പരിപാടികളാണ് മന്ത്രാലയം ആസൂത്രണം ചെയ്തിട്ടുള്ളത്. ബഹ്റൈനിലെ പ്രശസ്തരായ ഖുര്‍ആന്‍ പാരായണ വിദഗ്ധരുടെ പാരായണങ്ങള്‍ പ്രക്ഷേപണം ചെയ്യുകയും ഓണ്‍ലൈനായി സാധാരണക്കാര്‍ക്ക് ഖുര്‍ആന്‍ പഠിക്കുന്നതിനുള്ള അവസരമൊരുക്കുകയും ചെയ്യും. ബഹ്റൈന്‍ 55 ചാനല്‍ വഴി വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ പ്രക്ഷേപണം ചെയ്യും. വെബ്സൈറ്റ് വഴി പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍ പ്രക്ഷേപണം ചെയ്യും. അറബി, ഇംഗ്ലീഷ് ഭാഷകളില്‍ നോമ്പുതുറയുടെയും അത്താഴത്തി ന്റെ സമയവും നമസ്കാര സമയവും ഉള്‍ക്കൊള്ളുന്ന കലണ്ടര്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.