മനാമ: ബഹ്റൈനിൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ പരസ്യങ്ങൾക്ക് ഇനി അധികൃതരിൽനിന്ന് മുൻകൂർ അനുമതി തേടണമെന്ന് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (RERA)നിർദേശം നൽകി . പുതിയ അറിയിപ്പ് പ്രകാരം മുൻകൂർ അനുമതിയില്ലാതെ റിയൽ എസ്റ്റേറ്റ് വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് ഒക്ടോബർ 18 മുതൽ വിലക്ക് ബാധകമാകും . ഇതിനായി റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾക്കായി അതോറിറ്റി പ്രത്യേക മാർഗനിർദേശങ്ങൾ തയറാക്കിയിട്ടുണ്ട്. സുതാര്യത നിലനിർത്തുകയും അനധികൃത പരസ്യങ്ങൾ നൽകി തെറ്റിദ്ധാരണ പ്രചരിപ്പിക്കാതിരിക്കാനുമാണ് ഭേദഗതി വരുത്തിയതെന്നും ‘റെറ’യുടെ (RERA) അറിയിപ്പിൽ വിവരിക്കുന്നു . പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് വസ്തുവിന്റെയോ, കെട്ടിടത്തിന്റെയോ ഉടമയുടെ സമ്മതം നേടിയിരിക്കണം. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളൊന്നും പരസ്യത്തിലുണ്ടാകരുത്. പരസ്യത്തിന്റെ ഉദ്ദേശ്യം വ്യക്തമായി നിർവചിക്കണമെന്നും ലൈസൻസുള്ള എല്ലാ സ്ഥാപനങ്ങളും ഈ നിയമം അനുസരിക്കാൻ തയ്യാറാകണമെന്നും അധികൃതർ വ്യക്തമാക്കി .മാറ്റംവരുത്തിയ ചിത്രങ്ങൾ പരസ്യപ്പെടുത്താൻ പാടില്ല , പരസ്യങ്ങളിൽ ‘റെറ’ നൽകുന്ന ക്യു.ആർ (QR) കോഡ്, ലൈസൻസിങ് വിവരങ്ങൾ ,പരസ്യം ഉടമയിൽ നിന്ന് നേരിട്ടാണെങ്കിൽ അതിന്റെ വ്യക്തത എന്നിവ പ്രദർശിപ്പിക്കണം .കൂടാതെ പരസ്യം ചെയ്യുന്ന ഇടപാടുകൾ കഴിയുന്ന പക്ഷം മൂന്നു ദിവസത്തിനകം പരസ്യം നീക്കുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യണം .