ബഹ്റൈനിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ്

മനാമ : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് മാത്രം 289 പേരിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 212 പേർ വിദേശ തൊഴിലാളികളാണ്, ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 2506 ആയി മാറി. ഇതിൽ 1385 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. 1113 പേർ ഡിസ്ചാർജ് ആവുകയും, ഒരിന്ത്യക്കാരൻ അടക്കം എട്ട് പേർ മരണപ്പെടുകയും ചെയ്തു. അതേസമയം പരിശോധിക്കുന്നവരുടെ എണ്ണവും ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. ഇതുവരെയായി 105365 പേരെയാണ് ബഹ്റൈനിൽ കോവിഡ് ബാധയുമായി ബന്ധപ്പെട്ട് പരിശോധിച്ചത്. കഴിഞ്ഞ ദിവസം പരിശോധനകളുടെ എണ്ണം കൂടുന്നത് കാരണം രോഗികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാകാമെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ അറിയിച്ചിരുന്നു. അതിനാൽ ആശങ്ക വേണ്ട എന്നാണ് കരുതപ്പെടുന്നത് അതേസമയം മനാമയിലും പരിസരങ്ങളിലും ചില കെട്ടിടങ്ങളെങ്കിലും കൊറോണ ഭീഷണിയിൽ അടച്ചിട്ടിരിക്കുകയാണ്. ഇവിടെ നിന്നും പൊസിറ്റീവ് കേസുകൾ കണ്ടെത്തിയതോടെയാണ് താമസിക്കുന്നവർക്കും നിർബന്ധിത കൊറൈൻ്റൈൻ ഏർപ്പെടുത്തിയിട്ടുള്ളത് .