മനാമ: ബഹ്റൈനിൽ പുതുതായി 66 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 20 പേർ വിദേശ തൊഴിലാളികളാണ്. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1182 ആയി. പുതുതായി 11 പേർ കൂടി ചൊവ്വാഴ്ച സുഖം പ്രാപിച്ചതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 784 ആയി. ഇതുവരെ 94380 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ഇതുവരെ 997 പ്രവാസി തൊഴിലാളികൾക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പ്രവാസികൾക്കിടയിൽ രോഗവ്യാപനം തടയുന്നതിന് കർശന നടപടികളാണ് അധികൃതർ സ്വീകരിച്ചുവരുന്നത്.തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിൽ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള മെഡിക്കൽ സംഘവും പൊലീസും പരിശോധന നടത്തുന്നുണ്ട്. നിശ്ചിത എണ്ണത്തിൽ കൂടുതൽ ഉള്ളവരെ താൽകാലിക താമസ കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മനാമയിലെ താമസകേന്ദ്രങ്ങളിൽ കഴിയുന്ന തൊഴിലാളികളെ ഉൾപ്പെടെ മാറ്റുന്നുണ്ട്. അദാരി പാർക്കിലെ താൽകാലിക കേന്ദ്രത്തിലാണ് ആദ്യ സംഘത്തെ പാർപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നീക്കത്തിലാണ് അധികൃതർ.മുൻകരുതൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 49 പേരെകൂടി വിട്ടയച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിശോധനകൾക്കുശേഷം രോഗമില്ലെന്ന് ഉറപ്പാക്കിയാണ് ഇവരെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയത്. ഇതുവരെ 1384 പേരെയാണ് നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയത്.