മനാമ: ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനത്തിൽ ഏർപ്പെട്ട നാല് ഏഷ്യക്കാർ പിടിയിൽ. അനധികൃത വലകൾ ഉപയോഗിച്ച് ചെമ്മീൻ പിടിച്ചതിനാണ് നാല് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. ഇവരെ ഒരു മാസത്തെ ജയിൽശിക്ഷക്ക് ശേഷം നാടുകടത്തും. മറൈൻ പട്രോളിങ് ബോട്ടാണ് ഇവരെ പിടികൂടിയത്. ലൈസൻസില്ലാതെയാണ് ഇവർ മത്സ്യബന്ധനം നടത്തിയതെന്ന് കോടതി പറഞ്ഞു. ബോട്ടിൽ ലൈഫ് ജാക്കറ്റുകളോ ഫസ്റ്റ് എയ്ഡ് കിറ്റുകളോ അഗ്നിശമന ഉപകരണങ്ങളോ ഉണ്ടായിരുന്നില്ല.കോസ്റ്റ് ഗാർഡിന്റെ പിടിയിലാകാതിരിക്കാൻ ഇരുട്ടിലാണ് മത്സ്യബന്ധനം നടത്തിയത്. ബോട്ടിന്റെ നാവിഗേഷൻ ലൈറ്റുകൾ ബോധപൂർവം ഓണാക്കാതിരുന്നത് മറ്റു കടൽസഞ്ചാരികളെ അപകടത്തിലാക്കുന്നതാണെന്നും കോടതി വിലയിരുത്തി. ഈ കേസുമായി ബന്ധപ്പെട്ട് ഒരു സ്വദേശിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.