മനാമ: ബഹ്റൈൻ അന്താരാഷ്ട്ര ഗാർഡൻ ഷോ 2024 ഫെബ്രുവരി 14 മുതൽ 16 വരെ സാക്കിർ എക്സിബിഷൻ വേൾഡിൽ നടക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും പത്നി പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെയും പിന്തുണക്ക് ബഹ്റൈൻ ഗാർഡൻ ക്ലബ് ചെയർപേഴ്സൻ സഹ്റ അബ്ദുൽ മാലിക് നന്ദി അറിയിച്ചു.‘ബഹ്റൈൻ പൈതൃകം’ എന്ന പ്രമേയത്തിൽ ആണ് ഗാർഡൻ ഷോയും ക്ലബ് പുഷ്പ-പച്ചക്കറി പ്രദർശനവും നടക്കുന്നതെന്ന് നാഷണൽ ഇനിഷ്യറ്റീവ് ഫോർ അഗ്രിക്കൾച്ചറൽ ഡെവലപ്പ്മെൻറ്റ് സെക്രട്ടറി ജനറൽ ശൈയിക്ക മാറം ബിൻത് ഇസ അൽ ഖലീഫ പറഞ്ഞു . ബഹ്റൈൻ ഗാർഡൻ ക്ലബ് 2025ൽ വജ്രജൂബിലി ആഘോഷിക്കുകയാണ്. റോയൽ ഹോർട്ടികൾചറൽ സൊസൈറ്റിയുടെ (RHS) അഫിലിയേറ്റഡ് ക്ലബ് സഹകരണവും പ്രദർശനത്തിന് ലഭിക്കും .പ്രദര്ശനത്തിനോടൊപ്പം മൂന്നു മുതൽ ആറു വയസ്സുവരെയുള്ള കുട്ടികൾക്കായി കളിമൺപാത്രങ്ങളിൽ ഈന്തപ്പന വിത്ത് നടുന്ന മത്സരം നടത്തും. ഇത് കുട്ടികളെ പ്രാദേശിക വിഭവങ്ങളുമായി പരിചയപ്പെടുത്താനും പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ സുസ്ഥിരമായ പൂന്തോട്ടപരിപാലന രീതികൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.നിലവിൽ ബഹ്റൈൻ ഇന്റർനാഷണൽ ഗാർഡൻ ഷോ അറേബ്യൻ ഗൾഫിലെ ഒരു മുൻനിര പൂന്തോട്ട-കാർഷിക പ്രദർശനമായി മാറിക്കഴിഞ്ഞു . പ്രാദേശികവും അന്തർദേശീയവുമായ ഗാർഡനിംഗ്, കൃഷി ഉപകരണങ്ങൾ , നൂതന സാങ്കേതിക വിദ്യയുടെ കൃഷിയിലെ ഉപയോഗം , വിവിധ തരം പച്ചക്കറി വിഭവങ്ങൾ എന്നിവയും പ്രദർശിപ്പിക്കും . അഗ്രികൾച്ചറൽ കമ്പനികളിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ആവശ്യത്തിന് പ്രതികരണമായി സൃഷ്ടിച്ച ബിഗ്സ്, പുതുമകളുടെയും അവസരങ്ങളുടെയും ഒരു എക്സ്പോ ആയി ആണ് കണക്കാക്കപ്പെടുന്നത് .പൂന്തോട്ടപരിപാലനം, കൃഷി, അനുബന്ധ വ്യവസായങ്ങൾ എന്നിവയിലെ അന്തർദേശീയ കയറ്റുമതിക്കാർക്കും നിക്ഷേപകർക്കും അനുയോജ്യമായ ഒത്തുചേരൽ സ്ഥലമാണ് BIGS – ബഹ്റൈനിലും അറബ് മേഖലയിലും അഭിവൃദ്ധി പ്രാപിക്കുന്ന കാർഷിക-ബിസിനസ് അന്തരീക്ഷത്തിലേക്ക് കൂടുതൽ ആളുകളെ ഇത് പരിചയപ്പെടുത്തുന്നു. കഴിഞ്ഞ വര്ഷം ഗാർഡൻ ഷോയിൽ 23 രാജ്യങ്ങളിൽ നിന്നായി 195 പ്രദര്ശകരും 450000 ത്തോളം സന്ദർശകരും പങ്കെടുത്തു . ജിസിസി രാജ്യങ്ങൾക്കു പുറമെ ഏഷ്യയിളെയും ആഫ്രിക്കയിലെയും നിരവധി രാജ്യങ്ങൾ പ്രദർശനത്തിൽ പങ്കെടുക്കും .