ബഹ്‌റൈൻ : പകർച്ചവ്യാധികളല്ലാത്ത മാരക രോഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ദേശീയ മെഡിക്കൽ ദൗത്യ സംഘത്തിന് രൂപം നൽകി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത് . ആരോഗ്യ മന്ത്രിയായിരിക്കും സംഘത്തിന്റെ അധ്യക്ഷ പദവിയിൽ ചുമതല വഹിക്കുക . മൂന്ന് വർഷമാണ് അംഗങ്ങളുടെ കാലാവധി . മാരക രോഗങ്ങൾക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതിന് ആഗോള മാതൃകകളുടെ അടിസ്ഥാനത്തിൽ ദേശീയ കർമപദ്ധതി തയാറാക്കുക, മാരക രോഗങ്ങൾക്കിടയാക്കുന്ന കാരണങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുക, ഈ രംഗത്ത് ഗവേഷണങ്ങളും പഠനങ്ങളും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ദൗത്യസംഘത്തിന്റെ ഉത്തരവാദിത്വങ്ങൾ . ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ അസി. അണ്ടർ സെക്രട്ടറി, പൊതുജനാരോഗ്യ വിഭാഗം ഡയറക്ടർ, ഹെൽത്ത് പ്രമോഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർ, വാണിജ്യ, വ്യവസായ മന്ത്രാലലയത്തിലെ പരിശോധന വിഭാഗം ഡയറക്ടർ, അനിമൽ ഹെൽത്ത് ഡിപ്പാർട്മെന്റ് ഡയറക്ടർ, യുവജന ശാക്തീകരണ വകുപ്പ് ഡയറക്ടർ തുടങ്ങി 19 അംഗങ്ങളും സംഘത്തിലുണ്ടാകും.