മനാമ : ചൈനയിലെ ഹാങ്ഷൗയിൽ സെപ്റ്റംബർ 23 മുതൽ ഒക്ടോബർ എട്ടു വരെ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ 18 കായിക ഇനങ്ങളിൽ ബഹ്റൈൻ മത്സരിക്കുമെന്നു അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . 2022ൽ നടക്കേണ്ടിയിരുന്ന ഹാങ്ഷൗ ഏഷ്യൻ ഗെയിംസ് കോവിഡ്-19 ആശങ്കകൾ കാരണമാണ് ഈ വർഷത്തേക്ക് മാറ്റിവെച്ചിരിക്കുന്നത് . ഇത്തവണ 482 വ്യക്തിഗത ഇനങ്ങളിലും 40 ഗെയിമുകളിലുമായി ഏഷ്യയിലെ മുൻനിര കായികതാരങ്ങൾ മത്സരിക്കും . അത്ലറ്റിക്സ്, ഹാൻഡ്ബാൾ, ബോക്സിങ്, ജൂഡോ, വെയ്റ്റ്ലിഫ്റ്റിങ്, ഗുസ്തി, ജിയു-ജിറ്റ്സു, റോവിങ്, ഷൂട്ടിങ്, സൈക്ലിങ്, ടേബിൾ ടെന്നീസ്, തൈക്വാൻഡോ, സെയ്ലിങ് തുടങ്ങി 13 ഇനങ്ങളിൽ ബഹ്റൈൻ പങ്കെടുക്കും .മുൻ ഏഷ്യൻ ഗെയിംസിൽ 24 മെഡലുകൾ ആണ് ബഹ്റൈൻ നേടിയത് ഇതിൽ കൂടുതൽ മെഡലുകൾ നേടാനുള്ള തീവ്ര പരിശീലനമാണ് ടീം നടത്തുന്നതെന്ന് ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) ബഹ്റൈൻ ബേയിലെ വിൻഹാം ഗ്രാൻഡിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2010ൽ ചൈനയിലെ ഗാങ്ഷൗയിൽ നടന്ന ഗെയിംസിൽ ഒമ്പത് മെഡലുകളുമായി 14ാം സ്ഥാനത്തായിരുന്നു ബഹ്റൈൻ.1974ലെ ഏഷ്യൻ ഗെയിംസിൽ ബഹ്റൈൻ ആദ്യമായി പങ്കെടുത്തതിനുശേഷം 82 മെഡലുകളാണ് ബഹ്റൈൻ നേടിയിട്ടുള്ളത്. കൂടാതെ “ബാസ്ക്കറ്റ്ബാൾ, ഫുട്ബാൾ, വോളിബാൾ, ഇ-സ്പോർട്സ്, ക്രിക്കറ്റ് ഇനങ്ങളിലെ പങ്കാളിത്തം സംബന്ധിച്ച സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്ന് ബി.ഒ.സി വൈസ് പ്രസിഡന്റ് ശൈഖ് ഈസ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫ പറഞ്ഞു . സ്ഥിരീകരണം കാത്തിരിക്കുന്ന അഞ്ച് കായിക ഇനങ്ങളിൽ ബഹ്റൈന്റെ പങ്കാളിത്തം സംബന്ധിച്ച് ജൂൺ അവസാനത്തോടെ വ്യക്തതയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു . ബി.ഒ.സി പ്രസിഡന്റ് ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശപ്രകാരം കടുത്ത മത്സരത്തിലൂടെ കൂടുതൽ മെഡലുകൾ കൈവശപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പരിശീലനമാണ് നടക്കുന്നത്. അത്ലറ്റിക്സ്, ജൂഡോ, ഭാരോദ്വഹനം എന്നിവയിൽ മികച്ച നേട്ടം കൈവരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.”ബി.ഒ.സി സെക്രട്ടറി ജനറൽ ഫാരിസ് അൽ കൂഹേജി, ബി.ഒ.സി ടെക്നിക്കൽ ഡയറക്ടർ ലൂൺസ് മഡെൻ, ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (ഒ.സി.എ) ഡയറക്ടർ ജനറൽ ഡോ. ഹുസൈൻ അൽ മുസല്ലം, ഹാങ്ഷൗ ഏഷ്യൻ ഗെയിംസ് സൂപ്പർവിഷൻ ആൻഡ് ഓഡിറ്റ് ഡിപ്പാർട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ സീ നിങ്, ഒ.സി.എ പ്രോജക്ട് ആൻഡ് ഓപറേഷൻസ് മാനേജർ വിസാം ട്രക്മണി, ഹാങ്ഷൗ ഗയിംസിലേക്കുള്ള ബഹ്റൈനിന്റെ ഷെഫ് ഡി മിഷൻ അഹമ്മദ് അബ്ദുൽഗാഫർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു .