മനാമ: ബഹ്റിനിൽ കഴിയുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം തേടി ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് കഴിഞ്ഞ ദിവസം നടന്നു . ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബ് അധ്യക്ഷതവഹിച്ചചടങ്ങിൽ എംബസിയുടെ കോണ്‍സുലര്‍ സംഘവും അഭിഭാഷക സമിതിയും പങ്കെടുത്തു. കഴിഞ്ഞ ഓപൺ ഹൗസിൽ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ ഒട്ടുമിക്കതും പരിഹരിച്ചതായി അംബാഡർ അറിയിച്ചു. പ്രവാസിസമൂഹത്തെ പരിപാലിക്കുന്നതില്‍ ബഹ്റൈന്‍ സര്‍ക്കാറിന്റെയും ഭരണാധികാരികളുടെയും തുടര്‍ച്ചയായ പിന്തുണക്കും സഹകരണത്തിനും അദ്ദേഹം നന്ദി പറഞ്ഞു. വീട്ടുജോലിക്കാര്‍ ഉള്‍പ്പെടെ ദുരിതബാധിതരായ ഇന്ത്യന്‍ പൗരന്മാര്ക്ക് താമസസൗകര്യവും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളും ടിക്കറ്റുകളും ഐ.സി.ഡബ്ല്യു.എഫിലൂടെ എംബസി നല്കി.ഇന്ത്യൻ തടവുകാരെ പൊതുമാപ്പ് നൽകി വിട്ടയച്ചതിന് ഹമദ് രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ബഹ്റൈൻ അധികാരികൾ എന്നിവരോട് അംബാസഡർ നന്ദി പറഞ്ഞു.ഓപണ്‍ ഹൗസില്‍ പങ്കെടുത്ത എല്ലാ ഇന്ത്യന്‍ അസോസിയേഷനുകള്‍ക്കും കമ്യൂണിറ്റി അംഗങ്ങള്‍ക്കും കൂട്ടായ്മകൾക്കും പൊതുപ്രവർത്തകർക്കും എംബസിയുടെ പാനൽ അഭിഭാഷകർക്കും അംബാസഡര്‍ നന്ദി പറഞ്ഞു.