മനാമ: ബഹ്റൈനിലെ ഇന്ത്യൻ എംബസി തൊഴിലാളികളുടെ വിഷയങ്ങളും പരാതികളും നേരിട്ട് പരിഹരിക്കുന്ന മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന ഓപ്പൺ ഹൌസ് കഴിഞ്ഞ ദിവസം നടന്നു . മുൻപ് നടന്ന ഓപൺ ഹൗസിന്റെ പരിഗണനക്ക് വന്ന മിക്ക കേസുകളിലും പരിഹാരം കാണാൻ കഴിഞ്ഞതായും . വിവിധ പ്രശ്നങ്ങളിൽ ഇവിടെ കുടുങ്ങിക്കിടന്ന രണ്ടു വീട്ടുജോലിക്കാരെ നാട്ടിലേക്ക് തിരിച്ചയക്കാനും സാധിച്ചു. കൂടാതെ അത്യാവശ്യ സാഹചര്യം ഉള്ളവർക്ക് എമർജൻസി സർട്ടിഫിക്കറ്റും ഇന്ത്യൻ കമ്യൂണിറ്റി ക്ഷേമനിധിയിൽനിന്ന് ടിക്കറ്റും എംബസി നൽകിയാതായി അധികൃതർ അറിയിച്ചു . പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായം നൽകിയ ഐ.സി.ആർ.എഫ്, വേൾഡ് എൻ.ആർ.ഐ കൗൺസിൽ, ഭാരതി, ബി.കെ.എസ്, ടി.കെ.എസ്, എസ്.പി.എം, ബികാസ്, ബുദൈയ്യ ഗുരുദ്വാര തുടങ്ങിയ സംഘടനകളെ അംബാസഡർ അഭിനന്ദിച്ചു.മധ്യപ്രദേശിൽ ജനുവരി എട്ടുമുതൽ 10 വരെ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ നടത്തിയ പ്രവാസികളെയും സംഘടനകളെയും അംബാസഡർ പിയൂഷ് ശ്രീവാസ്തവ അഭിനന്ദിച്ചു.പുതുതായി ആരംഭിച്ച ലേബർ രജിസ്ട്രേഷൻ സെന്ററിൽ ഫ്ലക്സി വിസ ഉടമകളായ മുഴുവൻ പ്രവാസികളും രജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഫെബ്രുവരി വരെയാണ് രജിസ്ട്രേഷന് സമയം അനുവദിച്ചിരിക്കുന്നത്. നിയമം ലംഘിച്ച് ഇ.സി.ആർ പാസ്പോർട്ട് ഉടമകളായ വീട്ടുജോലിക്കാരെ കൊണ്ടുവന്ന അനധികൃത ഏജന്റുമാർക്കെതിരെ ബന്ധപ്പെട്ട അധികൃതർക്ക് വിവരം നൽകിയതായും അനുകൂല പ്രതികരണം ലഭിച്ചതായും അംബാസഡർ പറഞ്ഞു.വിവിധ പരാതികളുമായി 50ഓളം പ്രവാസികളും 10 സംഘടനാ പ്രതിനിധികളും എംബസി ഓപ്പൺ ഹൗസിൽ പങ്കെടുത്തു.