മനാമ : ബഹ്റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് അംബാസഡർ വിനോദ് കെ ജേക്കബിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ചു. ഇന്ന് നടന്ന ഓപ്പൺ ഹൗസിൽ എംബസിയുടെ കോൺസുലർ സംഘവും അഭിഭാഷക സമിതിയും പങ്കെടുത്തു.ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ നടത്തിയ ഓപ്പൺ ഹൗസിൽ ഇന്ത്യൻ പൗരന്മാർ പങ്കെടുത്തു. കഴിഞ്ഞ ഓപ്പൺ ഹൗസിൽ ഉന്നയിക്കപ്പെട്ട ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിച്ചതിൽ അംബാസഡർ സന്തോഷം പ്രകടിപ്പിക്കുകയും പ്രാദേശിക അധികാരികളുടെ സത്വര പിന്തുണക്കും സഹകരണത്തിനും നന്ദി അറിയിക്കുകയും ചെയ്തു. നിരവധി കോൺസുലാർ, തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സഹായിച്ചതിന് ഇന്ത്യൻ സമൂഹത്തിനും സംഘടനകൾക്കും അംബാസഡർ നന്ദി പറഞ്ഞു. വീട്ടുജോലിക്കാർ ഉൾപ്പെടെയുള്ള ദുരിതബാധിതരായ ഇന്ത്യൻ പൗരന്മാരെ ബോർഡിംഗും താമസവും നൽകിക്കൊണ്ട് എംബസി തുടർ സഹായം നൽകിയാതായും , കൂടാതെ ICWF വഴി ആവശ്യമുള്ള ഇന്ത്യൻ പൗരന്മാർക്ക് എമർജൻസി സർട്ടിഫിക്കറ്റുകളും ടിക്കറ്റുകളും അനുവദിചെന്നും അധികൃതർ വ്യക്തമാക്കി . ഇന്ത്യൻ സമൂഹത്തിന്റെ നിരവധി പരാതികൾ/പ്രശ്നങ്ങൾ ഓപ്പൺ ഹൗസിൽ വിജയകരമായി പരിഹരിക്കപ്പെട്ടു; ചിലത് ഓപ്പൺ ഹൗസിൽ വച്ച് തന്നെ പരിഹരിച്ചു . ഓപ്പൺ ഹൗസിൽ സജീവമായി പങ്കെടുത്തതിന് എല്ലാ ഇന്ത്യൻ അസോസിയേഷനുകൾക്കും കമ്മ്യൂണിറ്റി അംഗങ്ങൾക്കും അംബാസഡർ നന്ദി പറഞ്ഞു.