മോദി ഇടപെട്ടു : ബഹ്‌റിനിൽ ജയിലിൽ കഴിയുന്ന 250 ഇന്ത്യാക്കാരെ മോചിപ്പിക്കാൻ തീരുമാനം

മനാമ: ബഹ്റിനിലെ ജയിലുകളിൽ വിവിധ കുറ്റകൃത്യങ്ങളിൽ പെട്ട് തടവുശിക്ഷ അനുഭവിക്കുന്ന 250 ഇന്ത്യാക്കാരെ മോചിപ്പിക്കാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബഹ്റിൻ ഭരണാധികാരി ഹമദ് ബിൻ ഈസാ ഖലീഫയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. ശിക്ഷാകാലയളവിൽ നല്ലരീതിയിൽ പെരുമാറിയവരെയും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്തവരെയുമാണ് മോചിപ്പിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ മോചനം സംബന്ധിച്ച് വ്യക്തതയില്ല. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ബഹ്‌റിനിലെത്തിയ മോദിക്ക് രാജ്യത്തെ ഉന്നത ബഹുമതിയായ ദ കിംഗ് ഹമദ് ഓർഡർ ഒഫ് റിനൈസൻസ് നൽകി ആദരിച്ചിരുന്നു. തനിക്ക് കിട്ടിയത് മുഴുവൻ ഇന്ത്യാക്കാർക്കും ലഭിച്ച ആദരമെന്നാണ് മോദി ഇതിന് ശേഷം പ്രതികരിച്ചത്.

ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബഹ്റിനിലെത്തുന്നതെന്നും ശ്രദ്ധേയമാണ്. ആറ് രാജ്യങ്ങളുടെ കൂട്ടായ്‌മയായ ജി.സി.സിയുമായി കൂടുതൽ ബന്ധം ദൃഢമാക്കുന്നത് ലക്ഷ്യമിട്ടുകൂടിയാണ് മോദിയുടെ സന്ദർശനമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. നേരത്തെ മോദിക്ക് യു.എ.ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഒഫ് സായിദ് മെഡൽ അബുദാബി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സമ്മാനിച്ചിരുന്നു. അബുദാബിയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നടന്ന ചടങ്ങിലായിരുന്നു മെഡൽ സമ്മാനിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധം ശക്തമാക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചതിനാണ് ബഹുമതി. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.