ബഹ്റൈൻ : കേരളീയ സമാജം ഓണാഘോഷം ശ്രാവണം പരിപാടികൾ ആഗസ്റ്റ് 30 മുതൽ നടക്കുമെന്ന് ബഹ്റൈൻ സമാജം അധികൃതർ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി .ഓണാഘോഷ പരിപാടികളിൽ പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ്, പ്രമുഖ കഥാകൃത്ത് ടി. പത്മനാഭൻ, സംസ്ഥാന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ, എം.എൽ.എമാരായ എം.വിൻസെന്റ്, സി.ആർ. മഹേഷ് തുടങ്ങിയവർ സംബന്ധിക്കും . ആഗസ്റ്റ് മുപ്പതിന് പിള്ളേരോണം ,ലഘുസദ്യയും കലാപരിപാടികളും നടക്കും. ആഗസ്റ്റ് 15ന് പ്രമുഖ സംഗീത ബാൻഡായ താമരശ്ശേരി ചുരം അവതരിപ്പിക്കുന്ന സംഗീത പരിപാടി, 16ന് സിനിമാറ്റിക്ക ഡാൻസ് ,17ന് ഓണപ്പാട്ട് മത്സരം, 18ന് പാരമ്പര്യ വസ്ത്രപ്രദർശനവും മത്സരവും, 19ന് പിന്നണി ഗായകൻ ജി. വേണുഗോപാലും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, 20ന് രാവിലെ പൂക്കള മത്സരം എന്നിവയും നടക്കും .ആഗസ്റ്റ് 20ന് വൈകുന്നേരം കെ.എസ് ചിത്ര, മധുബാലകൃഷ്ണൻ, അനാമിക, നിഷാന്ത് എന്നിവർ നടത്തുന്ന ഗാനമേളയും നടക്കും . സാംസ്കാരിക സമ്മേളനത്തിൽ പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദ ബോസ് പങ്കെടുക്കും. ചടങ്ങിൽ ചെറുകഥാകൃത്ത് ടി. പത്മനാഭനെ ആദരിക്കും. സെപ്റ്റംബർ 21ന് ബി.കെ.എസ് ലേഡീസ് വിങ് അവതരിപ്പിക്കുന്ന റിഥം ഓഫ് കേരള, 22ന് കബഡി മത്സരം, 27ന് പഴയിടം മോഹനൻ നമ്പൂതിരി ഒരുക്കുന്ന ഓണസദ്യ എന്നിവയുണ്ടാകും.വയനാട് ദുരന്തത്തിൽ പ്രയാസ പെടുന്നവർക്ക് ആദ്യ ഗഡു ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നു സമാജം പ്രസിഡന്റ്റ് പി വി രാധാകൃഷ്ണ പിള്ള അറിയിച്ചു . വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം കൺവീനർ വർഗീസ് ജോർജ് , ജോയന്റ് കൺവീനർമാരായ ആഷ്ലി കുര്യൻ, നിഷ ദിലീഷ്, സുധി അച്ചാഴിയത്ത്, വിനയ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.