മനാമ: കുട്ടികളുടെ കലാഭിരുചികൾ മനസ്സിലാക്കുവാനും മികച്ച പ്രതിഭകളെ കണ്ടെത്തുവാനുംബഹറൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ബി കെ എസ് ജിസിസി കലോത്സവത്തിന്റെ പുതിയ പതിപ്പിന് അരങ്ങൊരുങ്ങുന്നു.
മാർച്ച് , ഏപ്രിൽ മാസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ, നൂറിലധികം വ്യക്തിഗത ഇനങ്ങളിലും 60 ഓളം ഗ്രൂപ്പിനങ്ങളിളുമായി മത്സരം നടക്കും. വ്യക്തിഗത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന മത്സരാർത്ഥികൾക്ക് കലാതിലകം, കലാപ്രതിഭ ,ബാല തിലകം, ബാല പ്രതിഭ പട്ടങ്ങളും അതിനുപുറമേ ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ്, സാഹിത്യരത്ന, സംഗീത രത്ന, നാട്യരത്ന, കലാരത്ന തുടങ്ങിയ പട്ടങ്ങളുംസമ്മാനിക്കും.
ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ കലാമാമാങ്കമായ സംസ്ഥാന സ്കൂൾ യുവജനോത്സവ മാതൃകയിൽ പ്രവാസ ലോകത്തു നടത്തുന്ന ശ്രദ്ധേയമായ മത്സരമായി മാറിക്കഴിഞ്ഞ കലോത്സവത്തിൽ കേരളത്തിൽ നിന്നടക്കമുള്ള പ്രമുഖർ വിധികർത്താക്കളായി പങ്കെടുക്കുമെന്നും ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങളിലെ ഏതു പൗരത്വമുള്ള കുട്ടിക്കും കലോത്സവത്തിൽ പങ്കെടുക്കാമെന്നും സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലുംഅറിയിച്ചു. ഫെബ്രുവരി 15 മുതൽ രെജിസ്ട്രേഷൻ ആരംഭിക്കുവാൻ ഉള്ള ഒരുക്കങ്ങൾ നടക്കുന്നതായി കലോത്സവം ജനറൽ കൺവീനർ നൗഷാദ് മുഹമ്മദ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് നൗഷാദ് മുഹമ്മദുമായി 39777801 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.