ബഹ്‌റൈൻ : അതിസങ്കീർണ്ണമായി ക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ കോറോണ രോഗവ്യാപന ഭീതിയുടെ സാഹചര്യത്തിൽ അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങളുടെയും ഓക്സിജൻ സിലിണ്ടറുകളുടെയും ദൗർലഭ്യം നിരവധി മരണങ്ങൾക്ക് കാരണമായിക്കൊണ്ടിരിക്കേ സഹജീവി സ്നേഹത്തിൻ്റെ ഉദാത്ത മാതൃകയാവുകയാണ് ബഹറൈൻ കേരളീയ സമാജം .ആരോഗ്യാടിയന്തിരാവസ്ഥ നേരിടുന്ന ഇന്ത്യക്ക് കൈത്താങ്ങായി എംബസി സമാഹരിക്കുന്ന മെഡിക്കൽ ഉപകരണങ്ങളിലേക്ക് ബഹറൈൻ കേരളീയ സമാജം 280 റിഫർബിഷ്ട് ഓക്സിജൻ സിലിണ്ടറുകൾക്ക് ഉള്ള പണം ഇന്ത്യൻ എംബസിക്കു കൈമാറി.ബഹറൈൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി നോബു നെഗിക്കു ഇന്ന് ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ 280 ഓക്സിജൻ സിലിണ്ടറുകൾക്ക് ഉള്ള തുകയായ യത്തീം ഓക്സിജന് നൽകാനുള്ള 7500 ദിനാർ കൈമാറി.ബഹുമാനപെട്ട കേരള മുഖ്യമന്ത്രിയുടെയും കേരള നോർക്കയുടെയും അഭ്യർത്ഥന മാനിച്ചു ബഹ്‌റൈൻ കേരളീയ സമാജം കേരളത്തിലേക്കു 137 ഓക്സിജൻ സിലിഡണ്ടറടക്കമുള്ള മെഡിക്കൽ ഉപകരണങ്ങൾ അയക്കുന്നതിനുള്ള തുക 14700 ബഹറൈനി ദിനാർ പി.വി. രാധാകൃഷ്ണപിള്ള യതീം ഓക്സിജന് പ്രതിനിധികൾക്ക് കൈമാറി.ഓക്സിജൻ നിറച്ച അലുമിനിയം ബോഡിയിലുള്ള സിലിണ്ടറുകളും മറ്റനുബന്ധ ഉപകരണങ്ങളുമാണ് കേരളത്തിലേക്കയക്കുന്നത്.ശരാശരി അമ്പത് ലക്ഷത്തോളം ഇന്ത്യൻ രൂപ വരുന്ന മെഡിക്കൽ സഹായങ്ങൾ ഒരു വിദേശ മലയാളി സംഘടന ചെയ്യുന്നത് ഇതാദ്യമാണ്. ഒന്നര ടണ്ണോളം വരുന്ന മെഡിക്കൽ സഹായം ഏറ്റവും അടുത്ത ദിവസം തന്നെ നാട്ടിൽ എത്തിച്ചേരുമെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.