ബഹ്റൈൻ : സാമ്പത്തീകമായ കാരണങ്ങളാൽ ഭക്ഷണത്തിനു പ്രയാസപ്പെടുന്ന സഹജീവികൾക്കായി ബഹ്റൈൻ കേരളീയ സമാജം അക്ഷയപാത്രം എന്ന പുതിയ ആശയവുമായി രംഗത്ത് വരുന്നു .
തൊഴിൽപരമോ ആരോഗ്യ സാമ്പത്തീക കാരണങ്ങളാലോ ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നവർക്കു വെള്ളിയാഴ്ച ദിവസങ്ങളിൽ സമാജം കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുകയാണ്, ആദ്യ ഘട്ടത്തിൽ സമാജം മെമ്പർമാരും സഹകാരികളും സ്വന്തം നിലക്ക് വീട്ടിൽ തയ്യാറാക്കുന്ന പൊതിച്ചോറ് ബഹ്റൈൻ കേരളീയ സമാജം വളണ്ടിയർമാർ ശേഖരിക്കുകയും ആവശ്യക്കാർക്ക് സമാജത്തിൽ എത്തി വാങ്ങിക്കുകയോ കഴിക്കുകയോ ചെയ്യാമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു .നിരവധി സാമൂഹിക കാരുണ്യ പദ്ധതികൾ വിജയകരമായി പൂർത്തീകരിച്ചു ക്കൊണ്ടിരിക്കുന്ന ബഹ്റൈൻ കേരളീയ സമാജത്തിന് ഈ പദ്ധതികൾക്കും വലിയ ജനകീയ പിന്തുണയാണ് ഇതിനകം ബഹ്റൈൻ മലയാളികളുടെ ഭാഗത്തു നിന്നുണ്ടാവുന്നത് ,ഈ പരിപാടിക്ക് സാമ്പത്തീക സഹായം സ്വീകരിക്കുകയില്ല .പകരം തങ്ങൾക്കു വേണ്ടി പാചകം ചെയ്യുന്ന ഭക്ഷണത്തോടൊപ്പം വിശപ്പിലും ദാരിദ്ര്യത്തിലും കഴിയുന്ന ഒന്നോ രണ്ടോ സഹജീവികളെ കൂടെ ചേർത്തു നിറുത്തുന്ന അങ്ങേയറ്റം മനുഷ്യത്വ പൂർണ്ണമായ ഇടപെടലാണ് സമാജം ആരംഭിക്കുന്നത്, ഈ പരീക്ഷണം വിജയകരമാണെങ്കിൽ ഭാവിയിൽ ആവശ്യക്കാരുടെ എണ്ണവും താല്പര്യവും പരിഗണി ച്ച് എല്ലാ ദിവസവും ഭക്ഷണവിതരണം സംഘടിപ്പിക്കാനും ആലോചിക്കുന്നതായും സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള പറഞ്ഞു .
ഓണാഘോഷവുമായി ബന്ധപെട്ട് ലേബർ ക്യാമ്പുകളിൽ നടത്തിയ ഓണസദ്യക്ക് സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ള മനുഷ്യരിൽ അപ്രതീക്ഷിതമായ അനുമോദനങ്ങളും പിന്തുണയുമാണ് സമാജത്തിനു ലഭിച്ചത് , ദേശ രാഷ്ട ഭാഷാ വിത്യാസമില്ലാതെ എല്ലാവരിലേക്കും ഓണത്തെയും മലയാളികളുടെ സാംസ്ക്കാരിക സന്ദേശവും എത്തിക്കാനായതും ബഹ്റൈൻ കേരളീയ സമാജം ഭരണ സമിതി വിലയിരുത്തിയാതായി ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും സംയുക്ത പത്രക്കുറിപ്പിൽ അറിയിച്ചു