ബഹ്റൈൻ: കേരളീയ സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള ബഹുമാനപെട്ട കേരള സാംസ്കാരിക മന്ത്രി ശ്രീ സജി ചെറിയാനുമായി ഓൺലൈൻ പ്ലാറ്റ്ഫോമിൽ ചർച്ച നടത്തി. ചർച്ചയിൽ സാംസ്കാരിക വകുപ്പുമായി ബന്ധപ്പെട്ട പ്രവാസികളുടെ നിരവധി ആവശ്യങ്ങൾ അദ്ദേഹം ഉന്നയിച്ചു . പ്രവാസികളെ നാടുമായി ബന്ധിപ്പിക്കുന്നത് സാംസ്കാരിക ഘടകങ്ങൾ ആണെന്നും അതുകൊണ്ടുതന്നെ സാഹിത്യം ,കല ,ഭാഷ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പ്രവാസികളെ കൂടുതൽ പങ്കെടുപ്പിക്കേണ്ടതുണ്ടെന്നും രാധാകൃഷ്ണപിള്ള ആവശ്യപ്പെട്ടു . സംഗീതനാടക അക്കാദമി,സാഹിത്യ അക്കാദമി,ലളിതകലാ ആക്കദമി ,ഫോക്ക് ലോർ അക്കാഡമി,നോർക്ക തുടങ്ങിയ സ്ഥാപനങ്ങളിൽ അർഹരായ പ്രവാസികൾക്ക് പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട് . ഇപ്പോൾ നിർത്തി വച്ചിരിക്കുന്ന പ്രവാസിമലയാളികൾക്കു വേണ്ടിയുള്ള നാടക മത്സരം പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മലയാള ഭാഷ പഠനം സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നത്തിനു വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന പാഠശാല അധ്യാപകർക്ക് ഗ്രാന്റ് നൽകുന്നത് പരിഗണിക്കണമെന്നും രാധാകൃഷ്ണപിള്ള മന്ത്രിയോട് അഭ്യർത്ഥിച്ചു.
മലയാളം മിഷന്റെ ആഭിമുഖ്യത്തിലാണ് ലോകമെമ്പാടുമുള്ള മലയാളം മിഷൻ പ്രവർത്തകരുമായുള്ള മന്ത്രിയുടെ അഭിമുഖം സംഘടിപ്പിച്ചത്. സാംസ്കാരിക വകുപ്പ് സെക്രട്ടറി ശ്രീമതി റാണി ജോർജ് ഐ എ എസ്, മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു. ബഹ്റൈനിൽ നിന്നും ചാപ്റ്റർ പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, സോമൻ ബേബി, ബിജു എം സതീഷ്, പ്രദീപ് പത്തേരി, ഫിറോസ് തിരുവത്ര,നന്ദകുമാർ എടപ്പാൾ, മിഷാ നന്ദകുമാർ, രജിത അനി തുടങ്ങിയവർ പങ്കെടുത്തു.ബഹ്റൈൻ കേരളീയ സമാജം ആണ് ആദ്യമായി ഗൾഫിൽ മലയാള ഭാഷ പഠനം ആരംഭിച്ചത്.കൂടാതെ 10 വർഷമായി മലയാളം മിഷന്റെ കീഴിൽ ആണ് ഇവിടെ ഭാഷ പഠനം നടക്കുന്നത് . 2000 ൽ അധികം കുട്ടികൾ 7 സെന്ററുകളിലായി പഠനം നടത്തുന്ന ഇവിടെ ഏതാണ്ട് 80 ൽ അതികം അധ്യാപകരും 100 ൽ പരം സന്നദ്ധപ്രവർത്തകരും ഉണ്ട്