മനാമ : ബഹ്റൈൻ കേരളീയ സമാജം – സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ കോൺവെക്സ് മീഡിയയുടെ സഹകരണത്തോടെ ഈ വരുന്ന ഫെബ്രുവരി 6, 7, 8 തിയ്യതികളിലായി ” ഏകപാത്ര നാടകോത്സവം ( Solo Drama Festival ) സംഘടിപ്പിക്കുന്നു . ബഹ്റൈനിൽ ആദ്യമായാണ് ഒരാൾ മാത്രം അഭിനയിക്കുന്ന ഇത്തരത്തിലുള്ള ഏകപാത്ര നാടകോത്സവം സംഘടിപ്പി ക്കപ്പെടുന്നത്. ബഹ്റൈനിൽ നിന്നുള്ള എട്ട് നാടകങ്ങളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ ഫെസ്റ്റിവലിനായി അണിയറയിൽ ഒരുങ്ങും
നാടകോത്സവത്തിന്റെ ആദ്യദിനമായ ഫെബ്രുവരി 6 ചൊവ്വാഴ്ച വൈകീട്ട് 8 മണിക്ക് ശ്രീ. അനീഷ് മൂപ്പൻ രചനയും സംവിധാനവും നിർവഹിക്കുന്ന “പന്ത്രണ്ട് സമം ഒന്ന് ” ശ്രീ. എസ് കെ നായരുടെ രചനയിൽ ശ്രീ. നിഖിൽ കരുണാകരൻ സംവിധാനം ചെയ്യുന്ന “കന്മഷം”, ശ്രീ. കെ.വി. ശരത് ചന്ദ്രൻ രചനയും ഷാഗിത് രമേഷ് സംവിധാനം നിർവഹിക്കുന്ന Blood, The Witness എന്നീ മൂന്ന് നാടകങ്ങളാണ് അരങ്ങിലെത്തുന്നത്.രണ്ടാം ദിനമായ ഫെബ്രുവരി 7 ബുധനാഴ്ച വൈകീട്ട് 8 മണിക്ക്, ശ്രീ അനീഷ് നിർമ്മലൻ രചന നിർവ്വഹിച്ച് ശ്രീ. നജീബ് മീരാൻ സംവിധാനം ചെയ്യുന്ന “സ്റ്റാറിങ്ങ് സുമിത്ര” ശ്രീ. ജയൻ മേലത്തിന്റെ രചനയിൽ ശ്രീ. ഹരീഷ് മേനോൻ സംവിധാനം ചെയ്യുന്ന “ആവാരാഹും” എന്നീ രണ്ടു നാടകങ്ങളും അവതരിപ്പിക്കപ്പെടുന്നു.നാടകോത്സവത്തിന്റെ അവസാനദിവസമായ ഫെബ്രുവരി 8 വ്യാഴാഴ്ച വൈകീട്ട് 8 മണിക്ക്, ഒ. ഹെൻട്രിയുടെ രചനക്ക് ശ്രീ. വിഷ്ണു നാടകഗ്രാമം രംഗഭാഷ്യമൊരുക്കുന്ന “പോലീസുകാരനും സ്തോത്രഗീതവും” ശ്രീ. എ. ശാന്തകുമാറിന്റെ രചനയിൽ ശ്രീ. ബേബിക്കുട്ടൻ കൊയിലാണ്ടി സംവിധാനം ചെയ്യുന്ന ” ഏകാകിനി” ശ്രീ. കാളിദാസ് പുതുമനയുടെ രചനയിൽ ശ്രീ. സതീഷ് പുലാപ്പറ്റ സംവിധാനം ചെയ്യുന്ന “ദക്ഷിണായനം” എന്ന നാടകങ്ങളും അരങ്ങേറുന്നു.പരമാവധി ഇരുപത് മിനിറ്റ് ദൈർഘ്യം മാത്രമുള്ള എട്ട് നാടകങ്ങളിലൂടെ ശക്തരായ എട്ട് നടീ നടന്മാരാണ് വ്യത്യസ്തങ്ങളായ പ്രമേയങ്ങളുമായി പ്രേക്ഷർക്ക് മുന്നിൽ എത്തുന്നത്. ഏറെ ശ്രമകരമായ ഏകപാത്ര നാടകങ്ങൾ അണിയിച്ചൊരുക്കുന്നത് ബഹ്റൈൻ നാടകരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച മികച്ച എട്ട് സംവിധായകരാണ് എന്നത് നാടകപ്രേമികൾക്ക് ഒരു മികച്ച ആസ്വാദനം നൽകുമെന്നത് തീർച്ചയാണ്. എല്ലാ കലാസ്വാദകരെയും ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിലേക്ക് സ്വാഗതം ചെയ്യുന്നതായി സമാജം പ്രസിഡന്റ് ശ്രീ. പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി ശ്രീ. വർഗീസ് കാരക്കൽ, കലാവിഭാഗം സെക്രട്ടറി ശ്രീ. ശ്രീജിത്ത് ഫറോഖ്, സ്കൂൾ ഓഫ് ഡ്രാമ കൺവീനർ ശ്രീ. കൃഷ്ണകുമാർ പയ്യന്നൂർ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.