ബഹ്റൈൻ : കേരളത്തിന് പുറത്തുള്ള മലയാളി സംഘടനകളിൽ കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് ഓണവിളംബരവും ശ്രാവണം ഓഫീസ് ഉത്ഘാടനവും വൻ ജനപങ്കോളിത്തത്തോടെ നടന്നു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, മറ്റു എക്സിക്യു്ട്ടീവ് കമ്മറ്റി അംഗങ്ങൾ, ശ്രാവണം 2024 ജനറൽ കൺവീനർ വർഗീസ് ജോർജ്ജ്, സീനിയർ അംഗങ്ങളായ സി.പി. വർഗ്ഗീസ്, രാഘുനാഥൻ നായർ, എസ്. എം. പിള്ള എന്നിവരോടൊപ്പം ഓണാഘോഷങ്ങളുടെ ഭാഗഭാക്കാകുന്ന 250 ൽ പരം വരുന്ന കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. സന്തോഷ് കൈലാസിന്റെ ശിക്ഷണത്തിൽ സോപാനം വാദ്യകലാസംഘം വനിതകൾ അവതരിപ്പിച്ച ചെണ്ടമേളത്തോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങിന് സമാജം എക്സിക്യു്ട്ടീവ് അംഗം വിനയചന്ദ്രൻ നായർ, വനിതാ വിഭാഗം സെക്രട്ടറി ജയാ രവികുമാർ എന്നിവർ നേതൃത്വം നൽകിയ പരിപാടികളിൽ ശ്രീ. പ്രേമൻ ചാലക്കുടി അണിയിച്ചൊരുക്കിയ തിരുവാതിരകളിയും, മനു മോഹനും സംഘവും അവതരിപ്പിച്ച വള്ളപ്പാട്ടും, രാജീവ് മാത്യുവിന്റെ നേതൃത്വത്തിൽ തോരണങ്ങളാൽ മനോഹരമാക്കിയ കമ്മറ്റി ഓഫീസുമെല്ലാം ചടങ്ങിന് മോടികൂട്ടി. രണ്ടു മാസം നീണ്ടു നിൽക്കുന്ന ഓണാഘോഷങ്ങളിൽ രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ നിരവധി പ്രശസ്തർ പങ്കെടുക്കുന്നതിനാൽ മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി ഈ വർഷത്തെ ഓണാഘോഷം കൂടുതൽ നിറപ്പകിട്ടാർന്നതായിരിക്കുമെന്ന് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സമാജം പ്രസിഡന്റ് ശ്രീ. പി.വി. രാധാകൃഷ്ണപിള്ള സംസാരിച്ചു. ലോകത്തിന്റെ ഏതു കോണിലായാലും മലയാളികളെ പ്രത്യേകിച്ച് പ്രവാസികളെ ഒന്നിപ്പിക്കുന്ന ഓണത്തിന് സമാജം സാധ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് ജനറൽ സെക്രട്ടറി ശ്രീ. വർഗീസ് കാരക്കലും അറിയിച്ചു.ആഗസ്റ്റ് 30 നു അരങ്ങേറുന്ന “പിള്ളേരോണം” പരിപാടിയോടു കൂടെ തുടങ്ങുന്ന ഓണാഘോഷ പരിപാടികളിൽ പിന്നീട് മഹാരുചിമേള, മെഗാഘോഷയാത്ര മത്സരം, വനിതാവിഭാഗം അവതരിപ്പിക്കുന്ന രണ്ടു മെഗാപ്രോഗ്രാമുകൾ, താമരശ്ശേരി ചുരം’ ബാൻഡ് അവതരിപ്പിക്കുന്ന സംഗീത നിശ എന്നിവയോടൊപ്പം വിവിധ കലാ കായിക മത്സരങ്ങളും അരങ്ങേറുന്നു. സെപ്റ്റംബർ 19 നു ജി. വേണുഗോപാൽ അവതരിപ്പിക്കുന്ന ഗാനമേളയും 20 നു കേരളത്തിന്റെ വാനമ്പാടി കെ.സ് ചിത്ര, മധു ബാലകൃഷ്ണൻ എന്നിവർ നയിക്കുന്ന സംഗീത വിരുന്നും തുടർന്ന് സെപ്റ്റംബർ 27 നു പഴയിടം മോഹനൻ നമ്പൂതിരി അണിയിച്ചൊരുക്കുന്ന 5000 പേരുടെ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് ശ്രാവണം 2024 ജനറൽ കൺവീനർ വർഗീസ് ജോർജ്ജ് അറിയിച്ചു.