മനാമ: ബഹ്‌റൈനിലെ മലയാളി വനിതകളുടെ കൂട്ടായ്മയായ മലയാളി മംസ് മിഡിലിസ്റ്റിന്റെ ഓണാഘോഷ പരിപാടികൾ വിപുലമായി ആഘോഷിച്ചു. റാമി ഗ്രാൻഡ് ഹോട്ടലിൽ യുണികോൺ ഇവൻസുമായി സഹകരിച്ചു സംഘടിപ്പിച്ച പരിപാടി ബഹ്‌റൈൻ മുൻ പാർലിമെന്റ് അംഗം ഡോ: മസൂമ സയ്യിദ് ഉത്ഘാടനം ചെയ്തു. ജാതിയോ മതമോ രാഷ്‌ടീയമോ ഇല്ലാതെ,വലിയവനെന്നോ ചെറിയവനെന്നോ കാണാതെ മലയാളികൾ ഒന്നിക്കുന്ന ഈ ആഘോഷം ഒരു ദേശീയ ഉത്സവമാണെന്നും, ഇത്തരത്തിലുള്ള ഒന്നിക്കൽ എല്ലാവരുടേയും മനസ്സിൽ സ്നേഹത്തിന്റെ പൂക്കളം വിരിയിക്കട്ടെ എന്നും പറഞ്ഞു. നിങ്ങളുടുത്തപോലുള്ള സാരിയിട്ട് അണിഞ്ഞൊരുങ്ങാനായ് എനിക്കും ആഗ്രഹമുണ്ടെന്നും ഡോ മസൂമ സദസ്സിൽ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ സംഘാടകരായ വനിതകൾ ഡോ മസൂമയെ സാരി അണിയിക്കുകയും ഒപ്പം നൃത്തം ചെയ്യിപ്പിക്കുകയും ചെയ്തു.തുടർന്ന് നൂറുകണക്കിന് വനിതകളും കുട്ടികളും വിവിധ തരം കലാപരിപാടികൾ അവതരിപ്പിച്ചു.ഷെറീൻ ഷൌക്കത്തലി,ശിഫസുഹൈൽ,സ്മിതജേക്കബ്,സനൂജഫൈസൽ,സോണിയവിനു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഷബ്‌ന അനാബ്, മെഹനാസ്റഹിം,ഷഫീലയാസിർ,അഞ്ജുശിവദാസ് തുടങ്ങിയവർ ആശംസകൾ നേർന്നു. തുടർന്നുള്ള വർഷങ്ങളിലും വിവിധതരം പ്രോഗ്രാമുകളുമായി മലയാളി മംസ് ഉടൻ വരുന്നുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.