ബഹ്റൈൻ : മാർത്തോമ്മാ ഇടവകയുടെ 2022-2023 പ്രവർത്തന വർഷത്തെ വിവിധ ചുമതലകൾ നിർവ്വഹിക്കുന്നവരായ കൈസ്ഥാനസമിതി അംഗങ്ങൾ, പോഷക സംഘടകളുടെ ഔദ്യോഗിക ഭാരവാഹികൾ, പ്രാർത്ഥനാക്കൂട്ടങ്ങളിലെ ആത്മായ ഉപാദ്ധ്യക്ഷർ, സെക്രട്ടറിമാർ, ഇടവക ഓഡിറ്റേഴ്സ്, മീഡിയ ടീം അംഗങ്ങൾ എന്നിവരുടെ സംയുക്ത കൂടിവരവ് 2022 സെപ്റ്റംബർ 2, വെള്ളിയാഴ്ച, ആരാധനാനന്തരം മാർത്തോമ്മാ കോംപ്ലെക്സിൽ ബഹുമാനപ്പെട്ട ഇടവക വികാരി റവറന്റ് ഡേവിഡ് വി. ടൈറ്റസ് അച്ചന്റെ
അദ്ധ്യക്ഷതയിൽ നടത്തപ്പെട്ടു.
രാവിലെ 10:30 ന് പ്രഭാത ഭക്ഷണത്തെ തുടർന്ന്, 11 മണിക്ക് റിട്രീറ്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. റവറന്റ് ബിബിൻസ് മാത്യൂസ് ഓമനാലി പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സീനിയർ സിറ്റീസൺസ് ഫെലോഷിപ്പ് സെക്രട്ടറി ശ്രീ. ഐപ്പ് ജോൺ പാഠഭാഗം വായിച്ചു. ഇടവക സെക്രട്ടറി ശ്രീ. ജേക്കബ് ജോർജ്ജ് (അനോജ്) വന്നുചേർന്ന ഏവർക്കും സ്വാഗതമരുളി.
സൈക്കോതെറാപിസ്റ്റ്, കൺസൾട്ടറ്റൻ്റ്, കൗൺസിലർ എന്നീ നിലകളിൽ പ്രശസ്തനായ ഡോ. ജോൺ പനയ്ക്കൽ “ക്രിസ്തീയ ഉത്തരവാദിത്തവും ഇടവക നേതൃത്വവും” എന്ന വിഷയത്തെ
ആസ്പദമാക്കി ക്ലാസുകൾക്ക് നേതൃത്വം നൽകി. ശേഷംവിഷയത്തെ അടിസ്ഥാനമാക്കിയുളള അംഗങ്ങളുടെ ചോദ്യങ്ങൾക്ക് ഡോ. ജോൺ പനയ്ക്കൽ മറുപടി പറഞ്ഞു. ഇടവക ട്രസ്റ്റി (അക്കൗണ്ടസ്) ശ്രീ. ബിനു തോമസ് വർഗ്ഗീസ് മെമൻ്റോ അവതരിപ്പിച്ചു.
ബഹുമാനപ്പെട്ട റവറന്റ് ഡേവിഡ് വി. ടൈറ്റസ് , റവറന്റ് ബിബിൻസ് മാത്യൂസ് ഓമനാലി, ഇടവക ഔദ്യോഗിക ഭാരവാഹികൾ എന്നിവർ ചേർന്ന് മുഖ്യാതിഥിക്ക് ഇടവകയുടെ കൃതജ്ഞത പ്രകാശിപ്പിച്ചുകൊണ്ട് മെമൻറ്റോ കൈമാറി.
ഇടവകയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ കൂടിയാലോചനകളും നിർദ്ദേശങ്ങളും നൽകി വിഷയങ്ങൾ വ്യക്തമായി ചർച്ച ചെയ്ത പ്രാർത്ഥനാക്കൂട്ടം വൈസ്-പ്രസിഡന്റുമാർ, സെക്രട്ടറിമാർ, കൈസ്ഥാനസമിതി അംഗങ്ങൾ, സംഘടനാ ചുമതലക്കാർ ഏവരേയും ബഹുമാനപ്പെട്ട അച്ചൻമാർ അഭിനന്ദനം അറിയിച്ചു.
ഇടവക ആത്മായ വൈസ്-പ്രസിഡൻറ് ശ്രീ. മാത്യൂസ് ഫിലിപ്പ് റിട്രീറ്റ് കൺവീനറായി നേതൃത്വം നൽകി. ഇടവക ഗായക സംഘം ശ്രുതിമധുരമായ ഗാനങ്ങൾ ആലപിച്ചു.
ഏവർക്കും കൃതജ്ഞത അറിയിച്ചുകൊണ്ട്, റവ. ഡേവിസ് വി. ടൈറ്റസ് അച്ചന്റെ സമാപന പ്രാർത്ഥനയോടും ആശിർവാദത്തോടും റിട്രീറ്റ് സമംഗളം പര്യവസാനിച്ചു.