ബഹ്റൈനിൽ പൊതുമേഖലയിൽ ജോലി തേടുന്ന പ്രവാസികൾക്ക് നിയമന മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്ന ബില്ലിന് എം.പിമാർ അംഗീകാരം നൽകി
ബഹ്റൈൻ പൊതുമേഖലയിൽ ജോലി തേടുന്ന പ്രവാസികൾക്ക് കർശനമായ നിയമന മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്ന നിർദിഷ്ട ബില്ലിന് എം.പിമാർ ഏകകണ്ഠമായി അംഗീകാരം നൽകി. പൊതുമേഖല ജോലികളിൽ ബിരുദാനന്തര ബിരുദവും അതത് മേഖലകളിൽ കുറഞ്ഞത് പത്തു വർഷത്തെ പരിചയവുമുള്ളവരുമായ പ്രവാസികളെ മാത്രമേ നിയമിക്കാവൂ എന്നാണ് ബില്ലിലെ നിർദേശം നൽകിയിരിക്കുന്നത് .
സ്വദേശി വത്കരണം ലക്ഷ്യമിട്ടാണ് പുതിയ നിർദേശം .ഒരു പ്രവാസി ജീവനക്കാരൻ തൊഴിൽ കരാറുകൾ രണ്ട് വർഷത്തേക്ക് പരിമിതപ്പെടുത്തണമെന്നും ബഹ്റൈൻ സിവിൽ സർവിസ് ബ്യൂറോയുടെ അംഗീകാരത്തോടെ മാത്രമേ പുതുക്കാവൂ എന്നും ബില്ല് വ്യക്തമാക്കുന്നു . ഒഴിവു വരുന്ന തൊഴിലിലേക്കു അനുയോജ്യമായ സ്വദേശി ഉദ്യോഗാർഥി ലഭ്യമല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ തൊഴിൽ കരാർ പുതുക്കാൻ സാധിക്കു . സർക്കാർ മേഖലയിൽ നിയമിക്കുന്ന പ്രവാസികളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ 17 ശതമാനം കുറഞ്ഞതായി പാർലമെന്റ്, ശൂറ കൗൺസിൽ കാര്യ മന്ത്രി ഗാനിം അൽ ബുവൈനൈൻ പറഞ്ഞു.എന്നാൽ, യോഗ്യതയുള്ള ബഹ്റൈൻ ഉദ്യോഗാർഥികളെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് നിലവിൽ വിദേശികളെ റിക്രൂട്ട് ചെയ്യുന്നതെന്ന് കാബിനറ്റ് ചൂണ്ടിക്കാട്ടി. ഒരു പൊതുമേഖല ജീവനക്കാരന്റെ അടിസ്ഥാന കടമകളിലൊന്ന് സ്വദേശികളെ ജോലിക്ക് പരിശീലനം നൽകുക എന്നതാണ്. അതുകൊണ്ട് എം.പിമാരുടെ നിർദേശം യുക്തിരഹിതമാണെന്നും കാബിനറ്റ് ചൂണ്ടിക്കാട്ടി.” നിലവിൽ ബഹ്റിനിൽ സർക്കാർ ജോലികളിൽ 5,800 പ്രവാസികളാണു ജോലി ചെയ്യുന്നത് .