മനാമ:ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിൽ ബഹ്‌റൈൻ ദേശീയ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കൊവിഡ്-19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് രാജ്യത്തോടുള്ള സ്‌നേഹം പ്രകടമാക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിയാണ് രാജ്യത്തിന്റെ 50-ാമത് ദേശീയ ദിനം ആഘോഷിച്ചത് .നാല് മുതൽ പത്തു വരെയുള്ള അറബിക് ക്ലാസ് വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. അറബിക് വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികൾ. ദേശീയ ദിന പരിപാടികളുടെ തുടക്കം കുറിച്ച് ഓൺലൈനായി പത്താം തരം വിദ്യാർത്ഥി ഹാഷർ വിശുദ്ധ ഖുർആൻ പാരായണം ചെയ്തു. തുടർന്ന് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയെക്കുറിച്ച് അറബിക് വകുപ്പ് മേധാവി റുഖയ റഹിം പ്രഭാഷണം നടത്തി. ദേശീയ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. വിദ്യാർത്ഥി മറിയം അബ്ദുല്ല അറബി ഭാഷയിൽ ബഹ്റൈൻ രാജ്യത്തെക്കുറിച്ച് സംസാരിച്ചു. വിദ്യാർത്ഥി ഷാക്കിർ രാജ്യത്തെ പ്രകീർത്തിച്ച് കവിതയും ചൊല്ലി. വിദ്യാർഥിനി ഫറയും മറ്റും രാജ്യത്തിന്റെ സൗന്ദര്യം ഒപ്പിയെടുക്കുന്ന ചിത്രങ്ങൾ വരച്ചു. പ്രധാന അധ്യാപിക പ്രിയ ലാജിയുടെയും മറ്റ് അധ്യാപകരുടെയും സാന്നിധ്യത്തിൽ നാലാം തരം വിദ്യാർത്ഥികൾ ഇസ ടൗൺ കാമ്പസിൽ ദേശഭക്തി നൃത്തം അവതരിപ്പിച്ചു.
ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സ്‌കൂൾ . ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവർക്കും ബഹ്‌റൈൻ ജനതയ്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു.