

ബഹ്റൈൻ:പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട് )ഓണാഘോഷം ശ്രദ്ധേയവും ബഹ്റൈനിലെ പാലക്കാട്ടുകാരുടെ സംഗവുമായി മാറി. സൽമാബാദ് ഗോൾഡൻ ഈഗിൾ ക്ലബ്ബിൽ വെച്ച് നടന്ന ഓണാഘോഷ ചടങ്ങിൽ രണ്ടായിരത്തി അഞ്ഞൂറിലേറെ പേർ പങ്കെടുത്തു. പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം ആശംസിച്ചു. പാലക്കാട് എം. പി വികെ ശ്രീകണ്ഠൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ബഹ്റൈൻ പാർലിമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി, ബഹ്റൈനിലെ ബിസിനസ്സ് രംഗത്തെ പ്രമുഖ വ്യക്തിത്വം വലീദ് ഇബ്രാഹിം കാനൂ,അമാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എം. ഡി പമ്പാവാസൻ നായർ, മുൻ വനിത കമ്മീഷൻ അംഗം തുളസി ശ്രീകണ്ഠൻ, ബ്രോഡൻ കോൺട്രാക്ടിങ് കമ്പനി എം ഡി ഡോ. കെ എസ് മേനോൻ തുടങ്ങിയവർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.പാലക്കാടിന്റെ പുരോഗതിയിൽ പാലക്കാട്ടുകാരായ പ്രവാസികൾ വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്ന് മുഖ്യ പ്രഭാഷണത്തിൽ വികെ ശ്രീകണ്ഠൻ എം. പി പറഞ്ഞു. ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ മേഖലകളിൽ പാക്ട് നടത്തുന്ന ഇടപെടലുകൾ മാതൃകപരമാണ്. പാലക്കാട് രാജ്യത്ത് അതിവേഗം വളരുന്ന ജില്ലയാണ്. ഒട്ടേറെ വികസന സാദ്ധ്യതകൾ പാലക്കാടിനുണ്ട്. പ്രകൃതിയുടെ മനോഹാരിത കൊണ്ടും ജല വിഭവം കൊണ്ടും കൃഷിക്ക് അനുയോജ്യമായ മണ്ണ് കൊണ്ടും പാലക്കാട് സമ്പന്നമാണ്. സാംസ്കാരിക സാഹിത്യ രംഗത്ത് പാലക്കാടിന്റെ സംഭാവനകൾ സമാനതകളില്ലാത്ത ഒന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ചടങ്ങിനോടനുബന്ധിച്ച് പാക്ട് അംഗങ്ങളായ സംരംഭകർക്കായി രൂപീകരിച്ച ഗ്രൂപ്പ് ലോഞ്ച് ഉദ്ഘാടനം ശ്രീ പാമ്പാവസൻ നായർ നിർവ്വഹിച്ചു. സംരംഭക കൂട്ടായ്മക്ക് നേതൃത്വം നൽകുന്ന സജിൻ ഹെൻട്രി ഗ്രൂപ്പിന്റെ ലക്ഷ്യങ്ങളെ കുറിച്ച് വിശദീകരിച്ചു.ശ്രീ ബാബുരാജും ചടങ്ങിൽസംബന്ധിച്ചു.ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കല വിരുന്നുകൾ അരങ്ങേറി.പ്രശസ്ത സിനിമ പിന്നണി ഗായകൻ പ്രശോഭ് രാമചന്ദ്രൻ നയിച്ച സംഗീത വിരുന്ന് ഏറെ ഹൃദ്യമായിരുന്നു. ബഹറൈൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോവുന്ന മുതിർന്ന പാക്ട് ഭാരവാഹി സുഭാഷ് മേനോനെ ശ്രീകണ്ഠൻ എം.പി ചടങ്ങിൽ ആദരിച്ചു. റൈറ്റ് ചോയ്സ് കാറ്ററേഴ്സ് ഒരുക്കിയ ഓണ സദ്യ പാലക്കാടൻ രുചി വൈഭവം വിളിച്ചോതുന്നതായി.









