ബഹ്‌റൈൻ പാർലമെന്റ് തെരഞ്ഞെടുപ്പ് :വിദേശ രാജ്യങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു

Vidya venu

മനാമ: ബഹ്റൈന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ തുടർന്ന് വിദേശ    രാജ്യങ്ങളിലെ വോട്ടെടുപ്പ്  ആരംഭിച്ചു . ഇന്ത്യ ഉള്‍പ്പെടെ 37 ബഹ്റൈന്‍ നയതന്ത്രകാര്യാലയങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത് എന്ന് അധികൃതർ അറിയിച്ചു. മറ്റ് രാജ്യങ്ങളില്‍ താമസിക്കുന്ന ബഹ്റൈന്‍ പൗരന്മാര്‍ക്ക് എംബസികളിലെത്തി വോട്ട് ചെയ്യാവുന്നതാണ്. വോട്ട് ചെയ്യാനുള്ള സമയം അതത് രാജ്യങ്ങളിലെ രാവിലെ എട്ട്  മുതല്‍ രാത്രി എട്ട്  വരെയാണ്. വിദേശത്തുള്ള പൗരന്മാര്‍ക്കും തങ്ങളുടെ ഭരണഘടനാ അവകാശം  വിനിയോഗിക്കാന്‍ അവസരമൊരുക്കാനുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയാണ്  ഇതിലൂടെ വ്യക്തമാവുന്നതെന്ന് ലെജിസ്ലേഷന്‍ ആന്റ് ലീഗല്‍ ഒപ്പിനിയന്‍ കമ്മീഷന്‍  ചെയര്‍മാന്‍ നവാഫ് അബ്‍ദുല്ല ഹംസ വ്യക്തമാക്കി. ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് മറ്റ് രാജ്യങ്ങളിലും വോട്ടെടുപ്പ് നടത്താനുള്ള പ്രവർത്തനങ്ങൾ പൂര്‍ത്തിയാക്കിയതെന്നും  രാജ്യത്തിനകത്ത് വെച്ചു നടത്തുന്ന തെരഞ്ഞെടുപ്പിന്റെ അതേ സുതാര്യതയും കാര്യക്ഷമതയും രാജ്യത്തിനുപ്പുറത്തും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.