ബഹ്‌റൈൻ പ്രതിഭ നൂറാമത് രക്തദാന ക്യാമ്പ് ഡിസംബർ 16 ന് കിംഗ്ഹമദ് ആശുപത്രിയിൽ

മനാമ : ബഹ്റൈൻ ദേശീയ ദിനത്തിൽ പങ്കാളികളായി കൊണ്ട് ഡിസംബർ 16 ന് നൂറാമത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ബഹറൈൻ പ്രതിഭ. 1989 ലാണ് തൊഴിലാളികളും സാധാരണ ജോലിക്കാരുമടങ്ങിയ പ്രതിഭ പ്രവർത്തകർ മനുഷ്യ കാരുണ്യത്തിന്റെ മഹത്തായ മാതൃകയായ രക്തദാനം നിർവ്വഹിച്ച് തുടങ്ങിയത്. അക്കാലത്ത് ഒരു രക്തദാതാവിന് 7 ദിനാർ വെച്ച് ലഭിച്ചിരുന്നു. സൽമാനിയ മെഡിക്കൽ സെന്ററിലെ രക്തബാങ്കിൽ നടത്തിയ ആദ്യ രക്ത ദാനത്തിൽ നാനൂറ് ദിനാറാണ് സൽമാനിയ അധികൃതർ പ്രതിഭക്ക് കൈമാറിയത്. ആ പണമാകട്ടെ അന്ധർക്ക് വേണ്ടിയുള്ള ബഹ്റൈൻ സൊസൈറ്റിക്ക് കൈമാറി മറ്റൊരു മഹത്തായ മാതൃകയും പ്രതിഭ സൃഷ്ടിക്കുകയുണ്ടായി. അവിടുന്നങ്ങോട്ട് ഇക്കഴിഞ്ഞ റമദാൻ വൃത കാലത്ത് മുപ്പത് ദിനം തുടർച്ചയായി കിംഗ് ഹമദ് ആശുപത്രിയിൽ വെച്ച നടത്തിയ റിലേ രക്തദാനം ഉൾപ്പെടെ സൽമാനിയ , ബി.ഡി.എഫ് ആശുപത്രി എന്നിവിടങ്ങളിൽ പ്രതിഭ കേന്ദ്ര കമ്മിറ്റിയുടെ കീഴിലുള്ള ഹെൽപ് ലൈനിന്റെ നേതൃത്വത്തിൽ വിവിധ മേഖലകൾ , യൂണിറ്റുകൾ എന്നിവ ചേർന്ന് ആശുപത്രി അധികൃതരുടെ ആവശ്യപ്രകാരം 99 ക്യാമ്പുകൾ നടത്തുകയുണ്ടായി. കിടപ്പ് ദീനക്കാരെയും അപകടാവസ്ഥയിൽ ആയവരെയും സംരക്ഷിക്കുക എന്ന മുഖ്യ നിലപാടയെടുത്ത ബഹ്റിൻ പ്രതിഭ സ്വദേശികൾക്കും പ്രവാസികൾക്കും വേണ്ടി നൂറാമത് ക്യാമ്പ് കടന്നും രക്തദാനം നൽകാൻ തയ്യാറാണെന്നും പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ, രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭാംഗവുമായ സുബൈർ കണ്ണൂർ, ഹെൽപ് ലൈൻ കൺവീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ നൗഷാദ് പൂനൂർ എന്നിവർ ചേർന്ന് പുറത്തിറക്കിയ പത്ര പ്രസ്താവനയിലുടെ അറിയിച്ചു.