കുട്ടിനാടകങ്ങളുടെ കലാവസന്തവുമായി ബഹ്‌റൈൻ പ്രതിഭ

മനാമ: ബഹ്‌റൈനിലെ ബാലകലാകാരന്മാർക്കായി ‘ബഹ്‌റൈൻ പ്രതിഭ’ സംഘടിപ്പിക്കുന്ന ‘അരങ്ങേറ്റം-2026’ കുട്ടിനാടക മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. പ്രതിഭ സെന്ററിൽ നടന്ന പ്രകടനച്ചടങ്ങിൽ ജനറൽ സെക്രട്ടറി വി.കെ. സുലേഷ് പോസ്റ്റർ പ്രകാശനം നിർവഹിച്ചു.ബഹ്‌റൈനിൽ പഠിക്കുന്ന 7 വയസ്സിനും 17 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായാണ് നാടകമത്സരം ഒരുക്കുന്നത്. ഡിസംബർ 18-നാണ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാടകമത്സരം നടക്കുക. നാടക മത്സരത്തിന് മുന്നോടിയായി കുട്ടികളിലെ അഭിനയശേഷിയും നാടക അഭിരുചിയും വളർത്തുന്നതിനായി ‘കൊച്ചരങ്ങ് 2026’ എന്ന പേരിൽ ഏകദിന നാടക ക്യാമ്പും (അഭിനയ കളരി) സംഘടിപ്പിക്കും. ഒക്ടോബർ അവസാനത്തോടെ ആയിരിക്കും ക്യാമ്പ് നടക്കുകയെന്ന് സംഘാടകർ അറിയിച്ചു. പ്രതിഭ പ്രസിഡന്റ് മഹേഷ് കെ.എം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.മുഖ്യരക്ഷാധികാരി ബിനു മണ്ണിൽ, നാടക വേദി കൺവീനർ രാജേഷ് തലായി, നാടക വേദി സംയോജകൻ എൻ .കെ. വീരമണി, കേന്ദ്ര കമ്മിറ്റി അംഗം മിജോഷ് മൊറാഴ, രക്ഷാധികാരി സമിതി അംഗം ലിവിൻ കുമാർ എന്നിവർ പങ്കെടുത്തു.
മത്സരത്തെക്കുറിച്ചും നാടക ക്യാമ്പിനെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും പ്രതിഭ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.