മനാമ: സഖാവ് എന്ന മൂന്നക്ഷരം കൊണ്ട് കേരളക്കരയാകെ അറിയപ്പെട്ട ഇതിഹാസം സഖാവ് പി.കൃഷ്ണപിള്ള അനുസ്മരണം മനാമയിലെ ബഹ്റൈൻ പ്രതിഭ ഓഫീസ്സിൽ വെച്ച് നടന്നു.പ്രതിഭ ജോയന്റ് സെക്രട്ടറി പ്രജിൽ മണിയൂർ സ്വാഗതം പറഞ്ഞു. പ്രതിഭ പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ ്് അനുസ്മരണ യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു. വൈക്കം സത്യാഗ്രഹത്തിലൂടെ സമരപഥത്തിൽ ഏറിയ സഖാവ് പി.കൃഷ്ണപിള്ള 1948 ആഗസ്ത് 19 ന് തന്റെ 42 മത്തെ വയസ്സിൽ പാമ്പ് കടിയേറ്റ് മരണപ്പെടും വരെ കോൺഗ്രസ് പാർട്ടി,കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപടുക്കാൻ കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിക്കുകയുണ്ടായി. കേരളം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ സംഘാടകനും സമര നേതാവുമായിരുന്നു സഖാവ് കൃഷ്ണ പിള്ള .അവർണ്ണ ജാതിക്കാർക്ക് ഗുരുവായൂർ അമ്പലത്തിൽ കയറാൻ അമ്പല മണി അടിക്കുമ്പോഴും , ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യൻ ദേശീയ പതാക വീശി സമരം ചെയ്യുമ്പോഴും അതി ഭീകര ആക്രമണത്തിന് വിധേയമാക്കപ്പെട്ട ധീര വ്യക്തിത്വമായിരുന്നു സഖാവ് പി.കൃഷ്ണപിള്ളയുടേത് എന്ന് അനുസ്മരണ പ്രഭാഷണത്തിൽ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി ചൂണ്ടിക്കാട്ടി. കേരളത്തിലെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തെ നവോത്ഥാനത്തിന്റെ നേരവകാശികൾ ആക്കാൻ കേരളത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടി രൂപീകരിക്കാൻ മുൻ കൈയെടുത്ത് കൊണ്ട് സഖാവിന് സാധിച്ചു.
അനുസ്മരണ യോഗത്തിൽ രാഷ്ട്രീയ വിശദീകരണം പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത് നടത്തി. നട്ടാൽ മുളക്കാത്ത നുണകളുമായി സഖാവ് കൃഷ്ണ പിള്ള കെട്ടിപടുത്ത പാർട്ടിയെ ഇല്ലാതാക്കാൻ വലത്പക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അതിന്റെ ശിങ്കിടികളായ മാധ്യമങ്ങളും ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് പി.ശ്രീജിത് ഓർമ്മിപ്പിച്ചു. പ്രവാസത്തിൽ ഇരുന്ന് കൊണ്ട് ഇതിനെ ചെറുക്കാൻ നിരന്തരമായ പഠനവും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉള്ള ഇടപെടലുകളും വളരെയെറെ ഗുണം ചെയ്യുമെന്നും അദ്ദേഹം തിങ്ങി നിറഞ്ഞ സദസ്സിനെ ഓർമ്മപ്പെടുത്തി. വംശീയ വൈരം കൊണ്ട് രാജ്യത്തെ ഛിന്ന ഭിന്നമാക്കാൻ ശ്രമിക്കുന്ന മോദി സർക്കാറിന്റെ തെറ്റായ ചെയ്തികളെ ചെറുക്കാൻ മതേതരത്വത്തെക്കാൾ ശക്തമായ ആയുധമില്ലെന്നും പി.ശ്രീജിത് കൂട്ടിച്ചേർത്തു.