ബഹ്റൈൻ : പ്രതിഭ രണ്ടാമത് അന്തർദേശീയ നാടക അവാർഡ് : പപ്പൻ ചിരന്തന പുരസ്ക്കാരം, ശ്രീ സതീഷ് കെ സതീഷിന് . അദ്ദേഹം രചിച്ച ‘ബ്ലാക്ക് ബട്ടർ ഫ്ലൈ’ എന്ന നാടകത്തിലൂടെയാണ് പുരസ്കാരത്തിനർഹനായത്. വർഷങ്ങളായി നാടകരംഗത്തുള്ള അദ്ദേഹം കോഴിക്കോട് സ്വദേശിയാണ്.കഴിഞ്ഞ മുപ്പത്തിയൊമ്പത് വര്‍ഷമായി ബഹ്റൈന്‍ മലയാള നാടക ലോകത്തിന്റെ അനിഷേധ്യ സാനിധ്യമായി മാറിയ ബഹ്റൈന്‍ പ്രതിഭയില്‍ നിന്നും അന്തര്‍ദേശീയ മലയാളി സമൂഹ നാടക രചയിതാക്കളെ അഭിസംബോധന ചെയ്യുന്ന ആദ്യ ‘പപ്പൻ ചിരന്തന നാടക രചന അവാര്‍ഡും’ പ്രതിഭയുടെ രണ്ടാമത് അന്താരാഷ്ട്ര നാടക രചന അവാർഡുമാണിത്.കേരളത്തിലും പ്രവാസ ലോകത്തിലും തന്റെ അടങ്ങാത്ത നാടക ദാഹവുമായി പ്രവർത്തിച്ച കലാകാരനാണ് പപ്പൻ ചിരന്തന. അതിന് അദ്ദേഹത്തിന് ആരോഗ്യമോ, സാമ്പത്തികമോ ഒന്നും തടസ്സമായില്ല. അതിരാവിലെ ഉണർന്ന് മനാമ സെൻട്രൽ മാർക്കറ്റിലെ തന്റെ ജോലി സ്ഥലത്ത് എത്തുന്ന അദ്ദേഹം രാത്രി അതിവൈകിയാണ് നാടക അരങ്ങിൽ നിന്നും ഉറങ്ങാൻ പോയിരുന്നത്. സംവിധായകനായും, നടനായും നിന്ന് ബഹ്റൈൻ പ്രതിഭയുടെ അനവധി നാടകങ്ങളെ ചുമലിലേറ്റി വിജയിപ്പിച്ച അത്യുജ്ജല നാടക കലാകാരനായിരുന്നു പപ്പൻ ചിരന്തന. നാടകത്തിന്റെ എല്ലാ ഉടലിലും, സിനിമയിലും അഭിനയിച്ച് കാലത്തിനുമപ്പുറത്തേക്ക് സഞ്ചരിച്ച പപ്പൻ ചിരന്തനയുടെ പേരിൽ വർഷാവർഷം നാടക രചനക്ക് മാത്രം ഒരവാർഡ് പ്രവാസത്തിൽ നിന്നും നൽകുന്നതിൽ പ്രതിഭക്ക് അങ്ങേയറ്റം ചാരിതാർത്ഥ്യമുണ്ട്.1986 സപ്തംബറില്‍ ‘പതനം’ എന്ന നാടകത്തോടെ ആരംഭിച്ച പ്രതിഭയുടെ നാടക പ്രയാണം ഒന്നിനൊന്ന് മികച്ചതും ആയിര കണക്കിന് കാണികളുടെ കണ്ണും മനവും കവര്‍ന്നതുമായ പത്തൊമ്പത് നാടകങ്ങൾ രംഗത്ത് അവതരിപ്പിച്ചു മുന്നേറുകയാണ്. അനവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഡോ. സാംകുട്ടിയെ പോലുള്ളവരുടെ ശിക്ഷണം ഈ നാടക സപര്യക്ക് പിറകിലുണ്ട്. നൂറ് കണക്കിന് നാടക കലാകാരന്മാരെയും സാങ്കേതിക വിദഗ്ദരെയും സംവിധായകരെയും ബഹ്റൈന്‍ മലയാള നാടക ലോകത്തിന് സംഭാവന ചെയ്യാന്‍ കഴിഞ്ഞ അഭിമാനവും പ്രതിഭക്കുണ്ട്.എല്ലാ വര്‍ഷവും കേരളപിറവി ദിനമായ നവംബര്‍ ഒന്നാം തിയ്യതിയാണ് ‘പപ്പൻ ചിരന്തന നാടക രചന അവാര്‍ഡ്’ ജേതാവിനെ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. ചില സാങ്കേതിക കാരണങ്ങളാൽ 2022 ജേതാവിനെ പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല. 25,000 രൂപയും സര്‍ട്ടിഫിക്കറ്റും പ്രതിഭ നാടക വേദി പ്രത്യകം തയ്യാര്‍ ചെയ്ത ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഈയിടെ അന്തരിച്ച വിശ്രുത നാടക രചയിതാവ് രാജശേഖരൻ ഓണം തുരുത്തിനായിരുന്നു പ്രഥമ പ്രതിഭ നാടക അവാർഡ് ലഭിച്ചത്.സമ്മാനം ഡിസംബറില്‍ കേരളത്തിന്റെ സാംസ്ക്കാരിക മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന പ്രത്യേക ചടങ്ങില്‍ സമ്മാനിക്കും. പ്രശസ്ത കവിയും സാഹിത്യകാരനുമായ പ്രൊഫ. കെ സച്ചിദാനന്ദന് ചെയര്‍മാനായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ബഹ്റൈന്‍ മലയാള നാടക ചരിത്രത്തിലെ ആദ്യത്തെ രാജ്യാന്തര പുരസ്ക്കാരമാണിത്. 2021 ന് ശേഷം രചിച്ച പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കപ്പെടാത്തതുമായ മൗലികമായ മലയാള നാടക രചനകളാണ് അവാര്‍ഡിനായി ക്ഷണിച്ചത്. കേരള നാടക വേദിയിലെ അറിയപ്പെടുന്ന മികച്ച നാടക എഴുത്തുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ അയച്ച നാല്പത്തിയാറ് നാടക രചനകളില്‍ നിന്നാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഈ അവാര്‍ഡിനോട് സഹകരിച്ച് പ്രവര്‍ത്തിച്ച പ്രശസ്ത നാടക പ്രവര്‍ത്തകനും സംവിധായകനുമായ ഡോ. സാം കുട്ടി പട്ടംകരിയോടുള്ള പ്രത്യേക കൃതജ്ഞതയും രേഖപ്പെടുത്തുന്നു.പ്രതിഭ നാടക പുരസ്കാരം പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്താണ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ, നാടക വേദിയുടെ ചാര്‍ജ് ഉള്ള രക്ഷാധികാരി സമിതി അംഗം എന്‍ കെ വീരമണി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.