മനാമ:ബഹ്റൈൻ പ്രതിഭ വനിതാ വേദിയുടെ കൺവെൻഷൻ പ്രതിഭ ഹാളിൽ നടന്നു. ലോക കേരള സഭ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി.വി. നാരായണൻ ഉൽഘാടനം ചെയ്ത കൺവെൻഷനിൽ വനിത വേദി വൈസ് പ്രസിഡന്റ് സിൽജ സതീഷ് അധ്യക്ഷത വഹിച്ചു.മനുഷ്യ സമൂഹ വികാസത്തിന്റെ നാൾവഴികളിൽ സോഷ്യലിസം ഒഴികെയുള്ള മറ്റെല്ലാ ഘട്ടത്തിലും സ്ത്രീകൾ അടിമകളായിരുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സി വി നാരായണൻ ചൂണ്ടി കാട്ടി. ആണധികാരത്തിന്റെ ചങ്ങലക്കെട്ടിൽ തളച്ചിടേണ്ടവളല്ല സ്ത്രീ . “ന: സ്ത്രീ സ്വാതന്ത്രമർഹതി “എന്ന മനുസ്മൃതിയുടെ പ്രത്യയശാസ്ത്ര തല്പരർ ആണ് കേന്ദ്ര അധികാരം വാഴുന്നത്. ഇന്ത്യയിലെ ഭരണകൂടത്തിൽ നിന്നും സ്ത്രീ വിരുദ്ധത അല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ലെന്നും, നാട്ടിൽ നടമാടുന്ന വർഗീയ കലാപം ഉൾപ്പെടെയുള്ള പ്രയാസങ്ങളിൽ ഏറ്റവും കൂടുതൽ വൈഷമ്യങ്ങൾ അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളും കുട്ടികളുമാണ്. അത്തരം ദുരനുഭവങ്ങൾക്കെതിരെയുള്ള പ്രതിരോധമാവണം പ്രതിഭാ വനിതാ വേദിയും അതിന്റെ കൺവെൻഷനെന്നും ഉത്ഘാടന പ്രസംഗത്തിൽ സി.വി. നാരായണൻ അഭിപ്രായപ്പെട്ടു.
വനിതാവേദി ജോയിൻറ് സെക്രട്ടറി റീഗ പ്രദീപ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ദുർഗ കാശിനാഥ് സ്വാഗതവും സിമി മണി അനുശോചനവും അവതരിപ്പിച്ചു. വനിതാ വേദിയുടെ പുതിയ സെക്രട്ടറിയായി റീഗ പ്രദീപിനെയും, പ്രസിഡന്റ് ആയി സജിഷ പ്രജിത്തിനെയും, ജോയിന്റ് സെക്രട്ടറിയായി സിമി മണിയെയും തിരഞ്ഞെടുത്തു.പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ ജോയ് വെട്ടിയാടൻ, വൈസ് പ്രസിഡണ്ട് ഡോ ശിവകീർത്തി രവീന്ദ്രൻ , രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ എന്നിവർ കൺവെൻഷനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.