ഗൾഫിൽ ആദ്യ കോവിഡ്– 19 മരണം ബഹ്റൈനിൽ

മനാമ : ഗൾഫ് മേഖലയിൽ ആദ്യ കോവിഡ് 19 മരണം ബഹ്റൈനിൽ. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അറുപത്തഞ്ചുകാരിയായ ബഹ്റൈൻ സ്വദേശിയാണു മരിച്ചത്.അതേസമയം, ബഹ്‌റൈനിൽ കോവിഡ് 19 ബാധിതരുടെ എണ്ണം 214 ആയി. അവരിൽ 60 പേർ രോഗമുക്തരായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇറാനിൽ നിന്ന് ഒഴിപ്പിച്ചുകൊണ്ടുവന്നവരിൽ 84പേരും ഇറാനിൽ നിന്നുൾപ്പെടെ നേരത്തെ എത്തി നിരീക്ഷണത്തിലായിരുന്നവരുമാണ് ഇപ്പോൾ രോഗബാധിതരായി ഉള്ളത്. കോവിഡ് 19 പശ്ചാത്തലത്തിൽ ഇൻഡോർ കായിക പരിപാടികളും നിർത്തിവച്ചതായി യുവജനകാര്യമന്ത്രാലയം അറിയിച്ചു. ജിംനേഷ്യങ്ങളുടെയും സ്വിമ്മിങ് പൂളുകളുടെയും പ്രവർത്തനവും വിലക്കി.
അതേസമയം, കൊറോണ വ്യാപനത്തിനെതിരെ രാജ്യം കൈക്കൊള്ളുന്ന നടപടികൾക്ക് വിഘാതമാകും വിധം അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചതിന് 2പേർക്കെതിരെ നടപടി. സ്വദേശിയെയും വിദേശിയെയും സൈബർ ക്രൈം വിഭാഗം ചോദ്യം ചെയ്തശേഷം പ്രൊസിക്യൂഷന് കൈമാറി. ഔദ്യോഗിക സ്രോതസുകളിൽനിന്നുള്ളതല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.