

മനാമ : പേമെന്റ് സംവിധാനം കൂടുതൽ സ്മാർട്ട് ആകാൻ ഒരുങ്ങി ബഹ്റൈൻ . കൈ സ്കാൻ ചെയ്ത് പണം അടക്കാൻ സാധിക്കുന്ന പുതിയ പെയ്മെന്റ് സംവിധാനം പരീക്ഷിക്കാനൊരുങ്ങി ബഹ്റൈൻ. പുതിയ സംവിധാനത്തിനെ പറ്റി പഠിക്കാനുള്ള നിർദേശം സ്ട്രാറ്റജിക് തിങ്കിങ് പാർലമെന്ററി ബ്ലോക്ക് ഔദ്യോഗികമായി സമർപ്പിച്ചു. കൈപ്പത്തി കൊണ്ട് സ്കാൻ ചെയ്യുന്ന, അതായത് ‘പാം സ്കാൻ പെയ്മെന്റ്’ സംവിധാനം ആഗോളതലത്തിൽ, പ്രത്യേകിച്ച് ചൈനയിൽ വലിയ രീതിയിൽ മുന്നേറ്റം നേടിയിട്ടുണ്ട്. ടെൻസെന്റ് പോലുള്ള കമ്പനികളാണ് ഈ സാങ്കേതികവിദ്യക്ക് തുടക്കമിട്ടത്. ഈ സംവിധാനം ഇൻഫ്രാറെഡ് ക്യാമറകൾ പോലുള്ള നൂതന ബയോമെട്രിക് ടൂളുകൾ ഉപയോഗിച്ച് വിരലടയാളങ്ങളും സിരകളുടെ പാറ്റേണുകളും തിരിച്ചറിയുന്നു. ഉപയോക്തൃ രജിസ്ട്രേഷൻ, പണം അടക്കുന്ന സ്ഥലത്ത് കൈ സ്കാൻ ചെയ്യുക, ബയോമെട്രിക് പരിശോധന, ഇടപാട് പ്രോസസ്സിങ് എന്നിവയാണ് ഈ പ്രക്രിയയിലെ പ്രധാന നാല് ഘട്ടങ്ങൾ. ചൈനയിലെ സബ്വേകളിലും കൺവീനിയൻസ് സ്റ്റോറുകളിലും മറ്റ് സേവന കേന്ദ്രങ്ങളിലും ഇത് ഇതിനകം ഉപയോഗത്തിലുണ്ട്.ബഹ്റൈൻ പാർലമെന്റിന്റെ സാമ്പത്തികകാര്യ സമിതി ചെയർമാനും ബ്ലോക്കിന്റെ പ്രസിഡന്റുമായ അഹമ്മദ് അൽ സല്ലൂം ആണ് ഈ നിർദേശം പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലമിന് സമർപ്പിച്ചത്. സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ (സി.ബി.ബി), ബെനിഫിറ്റ് കമ്പനി, വ്യവസായ വാണിജ്യ മന്ത്രാലയം, ബഹ്റൈൻ ചേംബർ എന്നിവയുമായി സഹകരിച്ച് വിശദമായ വിലയിരുത്തലിനായി ഈ നിർദേശം അൽ സല്ലൂമിന്റെ സമിതിക്ക് കൈമാറിയിട്ടുണ്ട്.നിർദേശം നിലവിൽ നിയമനിർമാണ അവലോകനത്തിലാണ്.







