ബഹറൈൻ പ്രതിഭ നാല്പതാം വാർഷിക ആഘോഷം ഡിസംബർ 12, 13 തീയ്യതികളിൽ

ബഹ്‌റൈൻ : കഴിഞ്ഞ 75 വർഷമായി മലയാളിയുടെ എല്ലാ കഴിവിനെയും അതിൻറെ യഥാർത്ഥ അർത്ഥത്തിൽ പ്രോത്സാഹിപ്പിച്ചുകൊണ്ട് ബഹറിനിലെ ഭരണാധികാരികളും പ്രജകളും നിലകൊള്ളുകയാണ്.ഈ രാജ്യത്തിൻറെ വികസനത്തിന് കേരളക്കരയുടെ ചെറുതല്ലാത്ത സംഭാവന ഉടനീളം ദർശിക്കാവുന്നതാണ്. ഒരുവിദേശ രാജ്യത്താണ് താമസിക്കുന്നത് എന്നത് ഒരിക്കലും പ്രവാസികളായ മലയാളികൾക്ക് തോന്നുന്നില്ല എന്നതാണ് ഈ രാജ്യത്തിൻറെ പ്രത്യേകതയായി കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ മലയാളിയെന്നും പവിഴദ്വീപിന് രണ്ടാനമ്മയായി കരുതി പോരുകയാണ്. ഈ മഹത്തായ രാജ്യത്തിൽ നിരവധിയായ പ്രവാസി സംഘടനകൾ ഉണ്ട്. അതിൽ കഴിഞ്ഞ 40 വർഷമായി പ്രവാസികളുടെ എല്ലാ തരത്തിലുമുള്ള പ്രയാസങ്ങളിലും ഇടപെട്ടുകൊണ്ട് ഒപ്പം അവരുടെ സർഗ്ഗാത്മക പ്രവർത്തനങ്ങളിൽ പങ്കാളിയായി കൊണ്ടും ബഹ്റൈൻ പ്രതിഭ എന്ന പുരോഗമന ആശയത്തിലൂന്നിയ സംഘടന അതിൻറെതായ കർത്തവ്യം നിറവേറ്റി വരികയാണ്. കല_ കായികം_സാഹിത്യം _നാടകം- സംസ്കാരികം- ജീവകാരുണ്യം _ സാഹിത്യം, മലയാള പാഠശാല- സയൻസ് ക്ലബ്ബ് തുടങ്ങി വൈവിധ്യമാർന്ന പ്രവാസിയുടെ പൊതുജീവിത പ്രവർത്തനങ്ങളിൽ മുഴുകി മുന്നേറുകയാണ്. ആഹ്ലാദം രാജ്യത്തിലെ പ്രവാസി സമൂഹവുമായി പങ്കുവയ്ക്കുവാൻ വരുന്ന ഡിസംബർ മാസം 12 ,13 തീയതികളിൽ സഗയയിലുള്ള കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വിവിധങ്ങളായ പരിപാടികളാൽ സമ്പന്നമാക്കുകയാണ്.പ്രവാസി സമൂഹത്തിൻ്റെ സാംസ്കാരികവും ബൗദ്ധികവുമായ ചരിത്രത്തിൽ എന്നെന്നും അടയാളപ്പെടത്തും വിധം അതുല്യമായ ക്വിസ് ഷോ, കേരളത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്ന സാംസ്കാരിക പരിപാടി, നാടക അവതരണം. അവാർഡ് ദാന ചടങ്ങ് എന്നിവ ആസൂത്രണം ചെയ്തിരിക്കുന്നത്.ഓർമ്മശക്തിയും വിശകലനപാടവവും കൊണ്ട് ശ്രദ്ധേയനായ, ആദ്യമായി വിപരീതപ്രശ്നോത്തരി അവതരിപ്പിച്ച് ലിംക ബുക് ഓഫ് റെക്കോർഡ്സിൽ പേരു നേടിയ ടെലിവിഷൻ അവതാരകൻ ഗ്രാൻഡ്‌മാസ്റ്റർ ജി.എസ്. പ്രദീപ് അവതരിപ്പിക്കുന്ന” ബഹ്‌റൈൻ പ്രതിഭ മലയാളി ജീനിയസ്” എന്ന വിജ്ഞാനോത്സവ മത്സര പരിപാടിയാണ് നാല്പതാം വാർഷികത്തിൻ്റെ മുഖ്യ ആകർഷണം . കഴിവുള്ള പ്രവാസി മലയാളികൾക്ക് അവരുടെ അറിവും വൈദഗ്ധ്യവും സാംസ്കാരിക പൈതൃകവും പ്രദർശിപ്പിക്കാൻ ഉപകരിക്കുന്ന ഈ വേദിയിൽ 500 മത്സരാർത്ഥികളാണ് മാറ്റുരക്കുക . ബഹ്‌റൈനിലെ മലയാളി സമൂഹത്തിലെ പ്രതിഭയെ കണ്ടെത്താനും ആഘോഷിക്കാനും ലക്ഷ്യമിട്ടുള്ള ജി.എസ്.പ്രദീപ് ഷോ ഡിസംബർ 12-ന് വൈകുന്നേരം 7 മണിക് ആരംഭിക്കും. ‘ മൂന്ന് മണിക്കൂറിലെറെ നീണ്ടുനിൽക്കുന്ന ഈ പരിപാടിക്ക് പ്രതിഭയുടെ നാലായിരം അംഗങ്ങൾക്ക് പുറമെ പൊതുജനങ്ങളും കാണികളായി എത്തും. ഇതിനായി വിപുലമായ സംവിധാനങ്ങളും പരസ്യം ചെയ്യാനുമുള്ള സ്പേസും ലഭ്യമാക്കും. വിജയിക്ക് ബഹ്‌റൈൻ മലയാളി ജീനിയസ് എവർ റോളിംഗ് ട്രോഫിയും 1,11,111 രൂപ ക്യാഷ് പ്രൈസും ലഭിക്കും. മറ്റ് അഞ്ച് ഫൈനലിസ്റ്റുകൾക്ക് 11,111 ഇന്ത്യൻ രൂപ വീതവും ലഭിക്കും . സമാപന ദിവസമായ ഡിസംബർ 13ന് വെള്ളിയാഴ്ച നടക്കുന്ന പരിപാടികൾ വൈകുന്നേരം 5.30 മുതൽ ആരംഭിക്കും. സാംസ്ക്കാരിക സമ്മേളനവും കലാപരിപാടികളും ആണ് മുഖ്യ ആകർഷണം. കേരള വ്യവസായിക വകുപ്പ് മന്ത്രി പി.രാജീവ് മുഖ്യാതിഥി ആവുന്ന ഈ പരിപാടിയിൽ ബഹ്റൈനിലെയും കേരളത്തിലെയും സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തെ ഉന്നത ശീർഷർ പങ്കെടുക്കും. തുടർന്ന് പ്രശസ്ത സാഹിത്യകാരൻ ശ്രീ. എം.ടി. വാസുദേവൻ നായരുടെ വിവിധ കഥകളെ ഉപസംഹരിച്ച് അന്തരിച്ച പ്രശസ്ത നാടക പ്രവർത്തകൻ ശ്രീ. പ്രശാന്ത് നാരായണൻ രൂപപ്പെടുത്തിയ “മഹാസാഗരം” എന്ന നാടകം പ്രതിഭയുടെ നാടകസംഘം അരങ്ങിലെത്തിക്കും. പ്രതിഭ അംഗവും ബഹ്റൈനിലെ അറിയപ്പെടുന്ന നാടക കലാകാരനും പ്രശാന്ത് നാരായണന് കീഴിൽ മഹാസാഗരത്തിൽ വേഷമിടുകയും ചെയ്ത വിനോദ്. വി. ദേവനാണ് നാടകം പ്രതിഭക്കായ് സംവിധാനം ചെയ്യുന്നത്.കേരളീയ സമാജത്തിൽ വെച്ച് നടക്കുന്ന ഡിസംബർ 12 ലെയും 13ലെയും പരിപാടികൾക്കുള്ള പ്രവേശനം തികച്ചും സൗജന്യം ആണ്. ആദ്യം വരുന്നവർക്ക് ആദ്യത്തെ സീറ്റുകൾ എന്ന മുറക്കാണ് ഇരിപ്പിട സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മോറാഴ, പ്രസിഡണ്ട് ബിനു മണ്ണിൽ,കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് നിഷ സതീഷ്, രക്ഷാധികാരി സമിതി അംഗം മീഡിയ ചാർജ് ഷെറീഫ് കോഴിക്കോട്..രക്ഷാധികാരി സമിതി അംഗം എൻ. കെ വീര മണി എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു
.