ബഹ്‌റൈൻ തൃശ്ശൂർപൂരം ഏപ്രിൽ 22ന് കൊടിയേറും

gpdesk.bh@gmail.com

മനാമ :സംസ്ക്കാരയും കോൺവെക്സ് കമ്പിനിയുമായി ചേർന്ന് 2023 ഏപ്രിൽ 22 ശനിയാഴ്ച ഇസാ ടൗൺ ഇന്ത്യൻ സ്ക്കൂളിൽ വെച്ച് നടത്തുന്ന പൂരാഘോഷം വൈകീട്ട് 4 മണിയ്ക്ക് കൊടിയേറ്റത്തോടു കൂടി ആരംഭിക്കും . പൂരാഘോഷം മുൻ കാലങ്ങളെ അപേക്ഷിച്ച് അതി ഗംഭീരമായിട്ട് നടത്തുവാൻ സംസ്ക്കാര വിപുലമായ സംഘാടക കമ്മിറ്റി രൂപീകരിച്ചതായി അധികൃതർ അറിയിച്ചു.സംസ്ക്കാരയുടെ അംഗങ്ങളായ ഒരു പറ്റം കലാകാരൻമാർ ഒരുക്കുന്ന പുതിയ തെയ്യകലാരൂപങ്ങളും , മറ്റു ഇനങ്ങളും ശിങ്കാരി മേളത്തോടൊപ്പം കാവടി ആട്ടവും നടക്കും .24 വർഷം തൃശൂർ പൂരത്തിന് ഇലഞ്ഞിത്തറ മേളത്തിന് പ്രമാണിത്തം വഹിച്ച മേള കുലപതി പത്മശ്രീ കുട്ടൻന്മാരാർ തൃശൂർ സംസ്ക്കാരയുടെ പൂരത്തിന് മേളപ്രമാണിത്തം വഹിക്കും .മേളകലാരത്നം ശ്രീ സന്തോഷ് കൈലാസും ബഹ്റൈൻ സോപാനം വാദ്യ കലാ സംഘത്തിന് ഒപ്പം ഇലഞ്ഞിത്തിറ മേളത്തിൽ പങ്കെടുക്കുന്നുണ്ട്. നാട്ടിൽ നിന്നും 7 ഓളം കുഴൽ, കൊമ്പ്, ചെണ്ട കലാകാരന്മാരും മേളം കൊഴുപ്പിക്കാൻ ഉണ്ടാകും . തൃശ്ശൂർ പൂരത്തിന്റെ പ്രധാന ചടങ്ങുകളായ മഠത്തിൽ വരവ്, പഞ്ചവാദ്യം, പാണ്ടിമേളം, വെടിക്കെട്ട് എന്നിവ അതിന്റെ തനതായ രീതിയിൽ തന്നെ അവതരിപ്പിക്കുന്നുണ്ട്.പാറമേക്കാവ് വിഭാഗത്തിന്റെയും , തിരുവമ്പാടി വിഭാഗത്തിന്റെയും ഗജവീരൻന്മാരും സംസ്ക്കാരയുടെ വനിത വിഭാഗങ്ങളുടെ സഹകരണത്തേടെ നിർമിച്ച മുത്തു കുടകളും, നാട്ടിൽ നിന്നും എത്തിച്ച മുത്തുക്കുടകളും ചേർന്ന് 200 ന് മുകളിൽ കുടകൾ കുടമാറ്റത്തിനുണ്ടാകും. ഇരു ടീമുകളുടെയും മത്സരത്തിന്റെ ഭാഗമായി കാണുന്ന കാഴ്ചകളും പൂരാഘോഷത്തിന് സമാപനം കുറിയ്ക്കുന്ന ഡിജിറ്റൽ വെടിക്കെട്ടും കാണുമ്പോൾ തീർച്ചയായും ആസ്വാദകരെ വിസമയിപ്പിയ്ക്കും എന്നതിൽ സംശയമില്ല.കണ്ണിനും കാതിനും കുളിർ മനൽകി പൂര ചന്തകളും മറ്റു കാഴ്ചകളും കണ്ട് പൂര പറമ്പിലുടെ ചുറ്റിക്കറങ്ങാൻ ബഹ്‌റൈൻ നിവാസികളെ സാദരം ക്ഷണിക്കുന്നുയെന്ന് ഭാരവാഹികൾ അറിയിച്ചു.പ്രവേശനം തികച്ചും സൗജന്യമാണ്.