മനാമ: ലോക യുവ ജന സംഘം (ദി വേൾഡ് യൂത്ത് ഗ്രൂപ്പ്) കൗൺസിൽ ഡയറക്ടർ ആയി ബഹ്റൈൻ വ്യവസായി മുഹമ്മദ് മൻസൂർ തിരഞ്ഞെടുക്കപ്പെട്ടു.
വിവര സാങ്കേതിക വിദ്യ, ഊർജ്ജം, എണ്ണ, വാതകം, കായികം, സീഡ് ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് തുടങ്ങിയ മേഖലകളിലായി ഒട്ടേറെ സ്ഥാപനങ്ങൾ ഉള്ള സാറ ഗ്രൂപ്പിന്റെ സ്ഥാപകനും സി.ഇ.ഓ യും ആയ മൻസൂർ ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യം കൂടിയാണ്.
2019 ൽ സ്ഥാപിക്കപ്പെട്ട ലോക യുവ ജന കൂട്ടായ്മ യുവ നേതാക്കൾ, നയതന്ത്രജ്ഞർ, പാർലമെന്റംഗങ്ങൾ, രാഷ്ട്രീയക്കാർ തുടങ്ങി തിരഞ്ഞെടുക്കപെട്ടവരുടെ ആഗോള തലത്തിൽ അറിയപ്പെടുന്ന ഒരു സംഘമാണ്. ഐക്യ രാഷ്ട്ര സംഘടനയുടെ സംരംഭങ്ങളെ പിന്താങ്ങുന്നതിലൂടെ ആഗോള യുവ സമൂഹത്തിനു മതിയായ ബോധ വൽക്കരണവും പ്രോത്സാഹനവും നൽകി ഐക്യ രാഷ്ട്ര സംഘടനയുടെ പ്രവർത്തന മണ്ഡലങ്ങളിൽ വരുന്ന സാമൂഹിക രാഷ്ട്രീയ മേഖലകളിൽ അവരെ വ്യാപൃതരാക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.
യു.എൻ, അതിന്റെ വിത്യസ്ത ഏജൻസികൾ എന്നിവയിൽ നിന്നും വിഭിന്നമായി ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ ഈ വരുന്ന 76 -ാമത് ജനറൽ അസംബ്ലിയിൽ പങ്കെടുപ്പിക്കാനിരിക്കുകയാണ് ഈ കൂട്ടായ്മ.
25 രാജ്യങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് 22 പാർലമെന്റ് അംഗങ്ങൾ, 6 മന്ത്രിമാർ, യു എന്നിന്റെ സ്ഥിരം പ്രതിനിധികൾ എന്നിവർ 5 ഉച്ച കോടികളിലായി പങ്കെടുക്കും.
കോളേജിയേറ്റ് കോൺഗ്രസ് (യു.എസ്.എ), ഓൾ ആഫ്രിക്ക സ്റ്റുഡന്റസ് യൂനിയൻ (എ.എ.എസ്.യു), യൂറോപ്യൻ സ്റ്റുഡന്റസ് യൂനിയൻ (ഇ.എസ്.യു), ഓർഗനൈസഷ കോണ്ടിനെന്റൽ ലാറ്റിനോ അമേരിക്കാനോ കരിബീന ഡി യെസ്റ്റഡിയന്റെസ് (ഓ.സി.എൽ.എ.ഇ), യങ് ഡെമോക്രാറ്റ്സ് ഓഫ് അമേരിക്ക, റിപ്പബ്ലിക്കൻ നാഷണൽ ഫെഡറേഷൻ (വൈ.ആർ.എൻ.എഫ്) എന്നിവ സ്ഥാപക സംഘടനകളും, സ്ഥാപകാംഗങ്ങൾ അതാതു സംഘടനകളുടെ തലവന്മാരുമാണ്.
യു.എൻ അംഗ രാഷ്ട്രങ്ങളിൽ നിന്നുള്ള പത്ത് സ്ഥിര പ്രതിനിധികൾ (അംബാസഡർമാർ) അടങ്ങുന്ന അഡ്വൈസറി ബോർഡും സംഘടനക്കുണ്ട്. ഓരോ അംബാസഡർമാരും എസ് ഡി ജി യുടെ വിവിധ കമ്മിറ്റികളുടെ മുഖ്യ ഉപദേഷ്ടാക്കളായും പ്രവർത്തിക്കുന്നു. 108 ദേശീയ വിദ്യാർത്ഥി സംഘടനകൾ, ഒരു ഡസൻ ദേശീയ യുവ രാഷ്ട്രീയ നേതാക്കൾ, 45 ൽ അധികം വരുന്ന യുവ പാർലമെന്റ് അംഗങ്ങൾ എന്നിവർ അടങ്ങുന്ന ഈ സംഘടന തിരഞ്ഞെടുക്കപ്പെടുന്ന യുവ നേതാക്കളുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടായ്മയാണ്.
മൻസൂറിന്റെ ഡയറക്ടർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനെ കുറിച്ച് ബോട്സ്വാനയിൽ നിന്നും യു എന്നിലെ സ്ഥിര പ്രതിനിധിയും യു എന്നിന്റെ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിൽ (ECOSOC ) പ്രസിഡന്റും ആയ അംബാസഡർ കോളൻ വി. കെലാപിലെ പറഞ്ഞത്, “ഒരു സംരംഭകൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ കൈ വരിച്ച നേട്ടങ്ങൾ തന്നെയാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് പരിഗണിയ്ക്കാൻ കാരണമായത്. ഉപദേശക സമിതി എന്ന നിലയിൽ അദ്ദേഹത്തെ ഡയറക്ടർ ആയി ലഭിച്ചതിൽ ഞങ്ങൾ ഏറെ സന്തോഷിക്കുകയും അദ്ദേഹത്തിന്റെ കഴിവുറ്റ നേതൃത്വത്തിന് കീഴിൽ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള ഉന്നത വിദഗ്ധർ ഉൾകൊള്ളുന്നതും ലോക യുവ ജന കൂട്ടായ്മയിലെ ഒരേ ഒരു പാർലമെന്റേതര, നയതന്ത്രേതര സംഘവുമായ കൗൺസിൽ പ്രത്യേകിച്ചും വെല്ലുവിളികൾ നിറഞ്ഞ ഈ ഘട്ടത്തിൽ സുസ്ഥിര വികസനം, സുസ്ഥിര വികസത്തിനായുള്ള ആഗോള കൂട്ടായ്മയെ പുനരുജ്ജീവിപ്പിക്കുക തുടങ്ങിയ ഐക്യ രാഷ്ട്ര സംഘടനയുടെ 2030 ലേക്കുള്ള അജണ്ടക്കു വേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുന്ന സംഘടനയുടെ പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുമെന്നതിൽ ആത്മ വിശ്വാസം കൊള്ളുകയും ചെയ്യുന്നു.”
മൻസൂറിന്റെ ഞങ്ങളുമായുള്ള സഹകരണം കൗൺസിലിന്റെ പ്രവർത്തങ്ങളെ കൂടുതൽ ഊർജിതപ്പെടുത്താൻ സഹായിക്കുകയും തങ്ങളുടെ പൊതുവായ ലക്ഷ്യങ്ങളിലേക്കുള്ള വളർച്ചയെ ത്വരിതപ്പെടുത്തുമെന്നും ലോക യുവജന സംഘം, ചെയർ ക്രിസ്റ്റോ തോമസ് ആത്മ വിശ്വാസം പ്രകടിപ്പിച്ചു.