മനാമ: പ്രതിഭ ഹെൽപ്പ് ലൈൻ മുഖാന്തിരം പ്രതിഭയുടെ നാല് മേഖല കമ്മിറ്റികൾ അവക്ക് കീഴിലെ യൂണിറ്റുകളുടെ സഹകരണത്തോടെ കിങ് ഹമദ് യൂണിവേഴ്സിറ്റി ആശുപത്രി രക്തബാങ്കിൽ റമദാൻ മാസം മുഴുവനായി നടത്തിവന്ന മാരത്തോൺ രക്തദാന ക്യാമ്പ് അവസാനിച്ചു. കിംഗ് ഹമദ് യൂണിവേഴ്സിറ്റി ആശുപത്രി, സൽമാനിയ മെഡിക്കൽ കോംപ്ലക്സ്, ബിഡിഎഫ് ആശുപത്രി എന്നിവിടങ്ങളിൽ വർഷത്തിൽ പലതവണയായി പ്രതിഭ രക്തദാന ക്യാമ്പ് നടത്താറുണ്ട്. എങ്കിലും കഴിഞ്ഞ വർഷം റമദാൻ മാസം മുഴുവൻ നടത്തിയ രക്തദാന ക്യാമ്പിൽ അകൃഷ്ടരായി ഇത്തവണയും അത് തുടരാൻ ഹമദ് യൂണിവേഴ്സിറ്റി രക്തബാങ്ക് അധികൃതർ ആവശ്യപ്പെടുകയായിരുന്നു എന്ന് പ്രതിഭാ ഭാരവാഹികൾ പറഞ്ഞു.പ്രതിഭ ഹെൽപ്പ് ലൈൻ കൺവീനർ നൗഷാദ് പൂനൂർ, പ്രതിഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതലയുള്ള രക്ഷാധികാരി സുബൈർ കണ്ണൂർ, മുഹറഖ് മേഖല ഹെല്പ് ലൈൻ കൺവീനർ ഗിരീഷ് കല്ലേരി, മനാമ മേഖല ഹെല്പ് ലൈൻ കൺവീനർ അബുബക്കർ പട്‌ല, സൽമാബാദ് മേഖല ഹെല്പ് ലൈൻ കൺവീനർ ജയ്സൺ, റിഫ മേഖല ഹെല്പ് ലൈൻ ജോ: കൺവീനർ ജയേഷ് മേപ്പയ്യൂർ,എന്നിവരാണ് ഒരു മാസമായി തുടർച്ചയായി നടന്ന മാരത്തോൺ രക്തദാന ക്യാമ്പിന് നേതൃത്വം നൽകിയത്. മുഹറഖ്, മനാമ, സൽമാബാദ്, റിഫ എന്നീ മേഖല കമ്മിറ്റികളും അതിന് കീഴിലെ യൂണിറ്റ് ഭാരവാഹികളും രാത്രി 8 മുതൽ 12 മണി വരെ നീണ്ട മാരത്തോൺ രക്തദാന ക്യാമ്പിന്റെ ഏകോപനം നിർവഹിച്ചത്. പ്രതിഭയുടെ അക്ഷീണമായ ജീവകാരുണ്യ ഇടപെടലിനെ രക്തബാങ്കിന്റെ ചുമതലയുള്ള ജീവനക്കാർ അഭിനന്ദിച്ചു.