സലാല: സലാല ടൂറിസം ഫെസ്റ്റിവലിന് തുടക്കമായത്തോടെ സലാലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്,ഖരീഫ് മഴക്കാലം ആസ്വദിക്കാൻ ഇനി രണ്ടുമാസക്കാലം സഞ്ചാരികളുടെ തിരക്കായിരിക്കും സലാലയിൽ ഉടനീളം.ദോഫാർ ഗവർണറ്റിൽ എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിരിക്കുകയാണ് സലാല ടുറിസം വകുപ്പ്. സുരക്ഷയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല.പ്രധാന ജല വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം സുരക്ഷ ക്രമീകരങ്ങൾ കാര്യക്ഷമാണോ എന്ന അവസാനവട്ട പരിശോധനകൾ നടക്കുകയാണ്. ഫെസ്റ്റിവൽ സമയത് കൂടുതൽ വിനോദസഞ്ചാരികളെ നിയന്ത്രിക്കുന്നത് അപ്രാപ്യമായതിനാൽ കൂടുതൽ സുരക്ഷാസംവിധാനങ്ങൾ ആണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞവർഷം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാക്കൾമുങ്ങി മരിച്ചിരുന്നു.
ഉത്സവനാഗരിയിലെ വിശേഷങ്ങൾ
ഇത്തീനിലെ റിക്രിയേഷൻ സെന്ററാണ് ഫെസ്റ്റിവലിന്റെ പ്രധാനവേദി.പൈതൃക, കലാസാംസ്കാരിക, വിനോദ പരിപാടികളും വിപണന മേളയുമൊക്കെയായി ഒന്നര മാസത്തോളം തിരക്കൊഴിയാത്ത ദിനങ്ങളായിരിക്കും പ്രധാന വേദിയിൽ. വാരാന്ത്യ അവധി ദിവസമായ വെള്ളിയാഴ്ചകളിൽ കൂടുതൽ സ്വദേശികളും വിദേശികളും ഫെസ്റ്റിവൽ വേദിയിലെത്തും.പൈതൃക ഗ്രാമമാണ് ഫെസ്റ്റിവൽ വേദിയിൽ എത്തുന്ന സഞ്ചാരികളുടെ
പ്രധാന ആകർഷണം. ഒമാന്റെ മഹത്തായ സാംസ്കാരികവും പരമ്പരാഗതവുമായ പൈതൃകത്തിന്റെ നേർക്കാഴ്ച ഇവിടെയെത്തുന്ന സന്ദർശകർക്ക് ലഭിക്കും. ഇതോടൊപ്പം വിവിധ വിലായത്തുകളെ ഉൾക്കൊള്ളിച്ചുള്ള മത്സരങ്ങളും നടക്കുന്നുണ്ട്.
പ്രധാന വേദിക്കുപുറമെ സംഹറം ടൂറിസ്റ്റ് വില്ലേജ്, ഹഫാ സൂഖ് തുടങ്ങിയ സ്ഥലങ്ങളിലും പരിപാടികൾ നടക്കുന്നുണ്ട്. മൺസൂൺ ആസ്വദിച്ച്
ടൂറിസ്ററ് സെന്ററുകളിൽ കഴിയുന്നവരെ ലക്ഷ്യമിട്ട് തഖാ, മിർബാത്ത് എന്നിവിടങ്ങളിലും വിനോദ പരിപാടികൾ സംഘടിപ്പിക്കാൻ ആലോചനയുണ്ട്.
ഒമാനിൽ ആദ്യമായി ബലൂൺ കാർണിവൽ
ഒമാനിൽ ആദ്യമായാണ് ബലൂൺ കാർണിവൽ സംഘടിപ്പിക്കുന്നത്. ജൂലൈ 20 മുതൽ ആഗസ്റ്റ് 25 വരെയാണ് കാർണിവൽ. സഹനൂത്തിലെ 1.10 ലക്ഷം ചതുരശ്ര മീറ്റർ സ്ഥലമാണ് കാർണിവൽ വേദിക്കായി തെരഞ്ഞെടുക്കുക. ചൂടുവായു നിറച്ച 15 ബലൂണുകളാണ് ഇവിടെ ഉണ്ടാവുക.
ഒരു ബലൂണിൽ ഒരു സമയം അഞ്ചു മുതൽ 10 വരെ ആളുകൾക്ക് കയറാൻ സാധിക്കും.
500 ബൈസയായിരിക്കും ഒരാൾക്ക് നിരക്ക്. ബലൂണുകളിൽ കയറുന്നവർക്ക് 100 മീറ്റർ വരെ ഉയരത്തിൽനിന്ന് സലാലയുടെ ആകാശക്കാഴ്ചകൾ ആസ്വദിക്കാൻ അവസരമുണ്ടാകും. ബലൂണുകൾക്ക് ഒപ്പം കുട്ടികൾക്കും കുടുംബങ്ങൾക്കുമായുള്ള നിരവധി വിനോദ ഉപാധികളും കാർണിവൽ വേദിയിൽ ഉണ്ടാകും. ഇലക്ട്രിക്, ഡിജിറ്റൽ ഗെയിമുകൾ, ഫുഡ് കോർട്ട്, ഹോളോഗ്രാം-വി.ആർ പ്രദർശനം, ഒൗട്ട്ഡോർ സിനിമ, റേസ്ട്രാക്ക് ചലഞ്ച്, കുട്ടികളുടെയും കുടുംബങ്ങളുടെയും തിയറ്റർ, സംഗീത ഷോ, ലേസർ പ്രദർശനം, വിനോദ പ്രദർശനം എന്നിവയാണ് ഇവിടെയുണ്ടാവുകയെന്ന് കാർണിവൽ സംഘാടക പ്രതിനിധി പറഞ്ഞു.