“കേളീരവം” ഒക്ടോബർ 25ന് അൽ ഫലാജിൽ സ്വ.ലേ

ഒമാൻ : ആധുനിക കവിത്രയത്തിലെ ആശയ ഗംഭീരനും സ്നേഹഗായകനുമായ മഹാകവി കുമാരനാശാന്റെ ചരമ ശതാബ്ദിയാചരണത്തിന്റെ ഭാഗമായി, കവിതക്കൂട്ടം മസ്‌ക്കറ്റ് അവതരിപ്പിക്കുന്ന “കേളീരവം” എന്ന മെഗാപ്രോഗ്രാം ഒക്ടോബർ 25ന് മസ്കറ്റ് അൽ ഫലാജ് ഗ്രാൻഡ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.മിഡിൽ ഈസ്റ്റ്‌ പവർ സേഫ്റ്റി മുഖ്യ പ്രായോജകരായെത്തുന്ന പരിപാടിയുടെ പ്രധാന ആകർഷണം “ശ്രീ ഭൂവിലസ്ഥിര!” “പൂമാരി” എന്നീ മെഗാഷോകളായിരിക്കും. പരിപാടിയുടെ ഓഡിഷൻ വിജയകരമായി പൂർത്തിയാക്കിയതായി കവിതക്കൂട്ടം ഭാരവാഹികൾ അറിയിച്ചു.മസ്ക്കറ്റിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ശ്രീ കബീർ യൂസഫ് ഓഡീഷന്റെ ഉത്ഘാടനം നിർവ്വഹിച്ചു.ഇൻഡ്യൻസ്കൂൾ മലയാളവിഭാഗം അദ്ധ്യാപകൻ ശ്രീ ജിതേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ സുജിത് തിരുവോണം, സലോമി ചാക്കോ, സുരേന്ദ്രൻ മാഷ്, അരുൺ മാധവ്, എന്നിവർ സംസാരിച്ചു.ജിബു ഉസ്മാനും സുശീലൻ പള്ളിയിലും ഗിരീഷും കോ-ഓർഡിനേറ്റർമാരായ ഓഡിഷന് വിനോദ് പെരുവ, പി. ആർ.ഗോകുൽദാസ്, ആർ എൽ വി ബാബു, സ്നേഹ നമ്പ്യാർ എന്നിവർ വിധികർത്താക്കളായി. ഛായാഗ്രഹണം ജയൻ കാഞ്ഞങ്ങാട് നിർവ്വഹിച്ചു.കവിതക്കൂട്ടം ഭാരവാഹികളായ രമേഷ് ശിവൻ,ആശാ രാജ്, രമേഷ് ബാബു ചാരുംമൂട് എന്നിവർ നേതൃത്വം നൽകി.വയനാടിൽ പ്രകൃതിക്ഷോഭത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർക്കായുള്ള ഒരു കൈത്താങ്ങാകും പരിപാടിയെന്നു സംഘാടകർ അറിയിച്ചു.മലയാളഭാഷാ സാഹിത്യത്തിന്റെ തിലകക്കുറിയായ കുമാരനാശാനു പ്രവാസലോകം അർപ്പിക്കുന്ന വ്യത്യസ്തമായ ശ്രദ്ധാഞ്‌ജലിയായിരിക്കും അദ്ദേഹത്തിന്റെ സൃഷ്ടികൾ കോർത്തിണക്കിയ ഈ കാവ്യശിൽപ്പങ്ങൾ എന്നും സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.