ബഹ്‌റൈൻ : കോവിഡ് സേവനങ്ങളും അത് സംബന്ധിച്ച വിവരങ്ങളും ജനങ്ങളിൽ എത്തിക്കുവാൻ ബഹ്‌റൈൻ ഗവർമെന്റ് ഏർപ്പെടുത്തിയ ബി അവെയർ ആപ്പ് എന്ന മൊബൈൽ ആപ്ലികേഷനിൽ കൂടുതൽ സേവനങ്ങൾ ഏർപ്പെടുത്തുന്നു . ബഹ്‌റൈൻ ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി സി.ഇ.ഒ മുഹമ്മദ് അലി അൽ ഖാഇദ് ആണ് ഇക്കാര്യം അറിയിച്ചത്. പുതിയ സംവിധാനം ഏർപെടുത്തുന്നതോടെ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ജനനസർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ (മൈ കാർഡ്) തുടങ്ങിയ ഡിജിറ്റൽ രേഖകൾ ബി അവെയർ ബഹ്‌റൈൻ ആപ്പിൽ ലഭ്യമാക്കും. ആപ്പിലെ ഡിജിറ്റൽ രേഖകൾ സർക്കാർ ഓഫിസുകളിലും മറ്റും അംഗീകൃത രേഖയായി ഉപയോഗപെടുത്താം . കോപ്പിയിലുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്ത് സർട്ടിഫിക്കറ്റിന്റെ സാധുത സ്ഥിരീകരിക്കാനുള്ള സംവിധാനവും ഉൾപെടും . കൂടാതെ മൈ ഹെൽത്ത് കാർഡ്സ്, മൈ മെഡിക്കൽ അപ്പോയിൻമെന്റ്സ് എന്നീ ഫീച്ചറുകളും ഉൾപ്പെടുത്തും. മൈ ഹെൽത്ത് കാർഡ്സ് എന്ന ഫീച്ചറിൽ കോവിഡ്-19 വാക്സിനേഷൻ അടക്കമുള്ള പൂർണ്ണ വിവരങ്ങളും ലഭ്യമാകും .
കൂടാതെ ഹെൽത് സെന്ററുകളിലെയും സർക്കാർ ആശുപത്രികളിലെയും അപ്പോയിൻമെന്റുകൾ വ്യക്തികളെ അതാത് സമയങ്ങളിൽ ഓർമിപ്പിക്കുന്ന സംവിധാനവും മൈ മെഡിക്കൽ അപ്പോയിൻമെന്റ്സ് ഉൾപ്പെടുത്തിയിട്ടുണ്ട് . മറ്റുള്ള രാജ്യങ്ങളിൽ ഉള്ളതുപോലെ പ്രധാന രേഖകൾ ഡിജിറ്റൽ മാതൃകയിൽ ആപ്പിൽ സൂക്ഷിക്കാവാനുള്ള സംവിധാനമാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . ഈ വര്ഷം പകുതിയോടെ നവീകരിച്ച ആപ്പ് പുറത്തിറങ്ങും .