ഷാർജയിൽ ഭാരതീയ വിദ്യാഭവൻ സ്കൂൾ പ്രവർത്തനം ആരംഭിച്ചു

ഷാർജ: അല്‍ അസ്രയില്‍ ഭാരതീയ വിദ്യാഭവൻ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഷാര്‍ജ ഭവന്‍സ് പേള്‍ വിസ്ഡം എന്ന പേരിലാണ് സ്‌കൂള്‍ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത് . ഷാര്‍ജയില്‍ സ്‌കൂള്‍ ആരംഭിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ചെയര്‍മാന്‍ എന്‍ കെ രാമചന്ദ്രമേനോന്‍ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.ഭാരതീയ വിദ്യാഭവന് കീഴില്‍ ദുബായില്‍ ഒരു ക്യാമ്പസും അബുദബിയില്‍ മൂന്ന് ക്യാമ്പസുകളുമാണ് നിലവിൽ പ്രവര്‍ത്തിക്കുന്നത്. ഷാർജ കൂടാതെ ദുബായ്, ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍ ഉള്‍പ്പെടയുളള മറ്റ് എമിറേറ്റുകളില്‍ നിന്നും കുട്ടികള്‍ക്ക് യാത്രാ സൗകര്യമൊരുക്കുമെന്നും മാനേജ്മെന്‍റ് അറിയിച്ചു.ഷാർജയില്‍ ആഴ്ചയില്‍ നാല് ദിവസമാണ് പഠനം അനുവദിച്ചിരിക്കുന്നത്. വെളളിയാഴ്ച താല്‍പര്യമുളള കുട്ടികള്‍ക്ക് വിനോദ വിജ്ഞാന പരിപാടികള്‍ക്കായി സ്കൂളിലെത്തുന്ന രീതിയിലുളള പാഠ്യപദ്ധതിയാണ് സ്കൂള്‍ മുന്നോട്ടുവയ്ക്കുന്നതെന്നും മാനേജ്മെന്‍റ് വ്യക്തമാക്കി.