ഷാർജയിൽ വൻ ലഹരിമരുന്ന് വേട്ട, തുറമുഖം വഴി കടത്താനുളള ശ്രമം പൊലീസ് പരാജയപ്പെടുത്തി

ഷാർജ∙ഷാർജയിൽ വൻ ലഹരിമരുന്ന് കടത്ത് ശ്രമം പൊലീസ് പരാജയപ്പെടുത്തി. 216 കിലോഗ്രാം ലഹരിമരുന്ന് പിടികൂടുകയും ചെയ്തു. 170 കിലോ ഹാഷിഷ്, 46 കിലോ ക്രിസ്റ്റൽ മെത്ത്, 500 ക്യാപ്റ്റഗൺ ഗുളികകൾ എന്നിവയാണു പിടിച്ചെടുത്തത്. യുഎഇയിലെ ഒരു തുറമുഖം വഴിയാണു ലഹരിമരുന്ന് കടത്തി രാജ്യത്തുടനീളം വിതരണം ചെയ്യാൻ പദ്ധതിയിട്ടിരുന്നത്. ഇതുസംബന്ധമായി ഷാർജയിലെ ഉദ്യോഗസ്ഥർക്കു രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടർന്ന് അബുദാബിയിലെയും ഉമ്മുൽ ഖുവൈനിലെയും പൊലീസ് സേനയുടെ സഹായത്തോടെ ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു പ്രഷ്യസ് ഹണ്ട് എന്ന ഓപറേഷൻ നടത്തുകയുമായിരുന്നുവെന്ന് ആന്റി നാർക്കോട്ടിക് വിഭാഗം ഡയറക്ടർ ലഫ്. കേണൽ മജീദ് അൽ അസം പറഞ്ഞു. ലഹരിമരുന്ന് സ്വീകരിക്കാൻ യുഎഇയിലെത്തിയ പ്രധാന പ്രതിയെ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു. നിരീക്ഷണത്തിലായിരുന്ന പ്രതി സമീപത്തെ എമിറേറ്റിലെ വസതിയിലേക്കു പോകുന്നത് കണ്ട് ഉദ്യോഗസ്ഥർ പിന്തുടർന്നു. ലഹരിമരുന്ന് ഒളിപ്പിക്കാനുള്ള സംഭരണശാലയായാണ് ഇയാളുടെ വീട് ഒരുക്കിയതെന്ന് ലഫ്. കേണൽ അൽ അസം പറഞ്ഞു.

അന്വേഷണത്തിൽ ചരക്ക് എത്തിച്ച സമയവും തുറമുഖവും കണ്ടെത്തി റെയ്ഡ് നടത്തുകയായിരുന്നു. എപ്പോഴാണ് റെയ്ഡ് നടന്നതെന്നു പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. നാലു വ്യത്യസ്ത ക്രിമിനൽ സംഘങ്ങളുടേതാണ് ലഹരിമരുന്നെന്ന് അറസ്റ്റിലായവർ പറഞ്ഞു. ഓപ്പറേഷന്റെ ഭാഗമായി പിടിയിലായ മറ്റു പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. സംശയാസ്പദമായ എല്ലാ പ്രവർത്തനങ്ങളും 8004654 എന്ന നമ്പറിലോ dea@shjpolice.gov.ae എന്ന വിലാസത്തിലോ അറിയിക്കുന്നതിലൂടെ ലഹരി മരുന്നിനെതിരായ പോരാട്ടത്തിൽ സഹായിക്കാൻ ലഫ്. കേണൽ മജീദ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.