ബഹ്‌റൈനിൽ കോവിഡ് മൂലം മരണമടഞ്ഞ പ്രവാസി മലയാളികൾക്ക് കേരളീയ സമാജം ഒരു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു

മനാമ : ബഹ്‌റൈൻ  കേരളീയ സമാജത്തിൻ്റെ സാമൂഹ്യ സുരക്ഷ പദ്ധതികളിൽ ഉൾപ്പെടുത്തി കോ വിഡ് രോഗ ബാധയെ തുടർന്ന് ബഹറിനിൽ മരണപ്പെട്ട മലയാളികൾക്ക് ബഹറിൻ കേരളീയ സമാജം ഒരു ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചു.കോവിഡ്  രോഗത്തിൻ്റെ വ്യാപനത്തെ തുടർന്ന് മരണപ്പെട്ട മലയാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം സാമ്പത്തീക സഹായം നൽകുമെന്നും മരണപ്പെട്ട പലരുടെയും കുടുംബത്തിൻ്റെ അവസ്ഥകൾ വേദനാജനകമാണെന്നും മനസ്സിലാക്കിയാണ് ഈ തീരുമാനമെന്നും സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള പറഞ്ഞു.ബഹറിൻ കേരളീയ സമാജം കോവിഡ് രോഗവ്യാപനത്തിന് ശേഷം നടത്തി വരുന്ന നിരവധി ദുരിതാശ്വാസ പദ്ധതികളിലൊന്നാണ് സാമ്പത്തീക സഹായം.നിലവിൽ ബഹ്‌റൈൻ  കേരളീയ സമാജം മെംബർമാർക്ക് മരണാനന്തര സഹായമായി പത്ത് ലക്ഷം രൂപ നൽകി വരുന്നുണ്ട്.ഭക്ഷ്യ വസ്തുക്കളുടെ വിതരണവും ചാർട്ടേഡ് വിമാനങ്ങൾ വഴി ഇതിനകം രണ്ടായിരത്തോളം വരുന്ന പ്രവാസി മലയാളികളെയും നാട്ടിലെത്തിക്കാനായി.നാട്ടിലേക്ക് യാത്രാ സൗകര്യത്തിനായി സമാജത്തിൽ ഇപ്പോഴും നിരവധിയാളുകൾ അഭ്യർത്ഥനയായി സമീപിക്കുകയാണ്. സാമ്പത്തീക പരാധീനതയുള്ള ,അർഹരായ മലയാളികൾക്ക് വേണ്ടി സൗജന്യ വിമാനയാത്രയും കഴിഞ്ഞ ദിവസം സമാജം പ്രഖ്യാപിച്ചിരുന്നു.സമാജം നടപ്പിലാക്കി വരുന്ന വിവിധ ഭുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സമാജം മെംബർമാരും ബഹറിൻ മലയാളി പൊതു സമൂഹവും നൽകി കൊണ്ടിരിക്കുന്ന പിന്തുണക്ക് നന്ദി രേഖപ്പെടുത്തുന്നതായി ബഹറിൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും സംയുക്ത വാർത്താകുറിപ്പിൽ അറിയിച്ചു