ബി കെ എസ് ശ്രാവണം 2023 ഘോഷയാത്രാ മത്സരത്തിൽ ഒന്നാം സമ്മാനം വോയ്‌സ് ഓഫ് ആലപ്പിക്ക്.

ബഹ്‌റൈൻ : കേരളീയ സമാജത്തിൽ ഓണാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ശ്രാവണം 2023 ഘോഷയാത്രമത്സരത്തിൽ ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ ‘വോയ്‌സ് ഓഫ് ആലപ്പി ഒന്നാം സമ്മാനം നേടി. ഏറ്റവും നല്ല ഘോഷയാത്രയ്ക്ക് പുറമെ, ഏറ്റവും നല്ല ആശയം, ഏറ്റവും നല്ല ഫ്‌ളോട്ട്, ഏറ്റവും നല്ല മാവേലി, ഏറ്റവും നല്ല പെർഫോമർ എന്നീ ഇനങ്ങളിലും വോയ്‌സ് ഓഫ് ആലപ്പി സമ്മാനാർഹരായി. ഏറ്റവും നല്ല മാവേലിയായി വോയ്‌സ് ഓഫ് ആലപ്പിയുടെ ഹമദ് ടൗൺ ഏരിയ പ്രസിഡൻറ് അനൂപ് ശശികുമാറും, ഏറ്റവും നല്ല പെർഫോമറായി ലാടവൈദ്യന്റെ വേഷം ചെയ്‌ത വോയ്‌സ് ഓഫ് ആലപ്പി ഗുദൈബിയ ഏരിയ ജോയിൻ സെക്രട്ടറി ഹരിദാസ് മാവേലിക്കരയുമാണ് അർഹരായത്.വോയ്‌സ് ഓഫ് ആലപ്പിയുടെ കലാകാരന്മാരുടെ കൂട്ടായ്മയായ അരങ്ങ് ആലപ്പിയുടെ നേതൃത്വത്തിലുള്ള വഞ്ചിപ്പാട്ട്, ലേഡീസ് വിങ് സെക്രട്ടറി രശ്മി അനൂപിൻറെ നേതൃത്വത്തിൽ അരങ്ങേറിയ തിരുവാതിരകളി, കൊയ്ത്തുപാട്ട്, സുമൻ സഫറുള്ളയുടേയും സംഘത്തിന്റെയും ഡാൻസ്, ആലപ്പുഴയുടെ പ്രധാനപ്പെട്ട വിവിധ പ്രദേശങ്ങളുടെ പ്ളേകാർഡുകൾ, മിഴാവ്, കയർ വ്യവസായവും ഉത്സവവും പ്രതിനിധികരിക്കുന്ന ഫ്‌ളോട്ട്, ലൈറ്റ് ഹൌസ് ആലപ്പുഴയുടെ പരിച്ഛേദമായ നിരവധി വേഷങ്ങൾ, തുടങ്ങി ഇരുന്നൂറിലധികം കലാകാരന്മാരും, കലാകാരികളും, കുട്ടികളുമാണ് ഘോഷയാത്രയ്ക്ക് അണിനിരന്നത്. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം, ജനറൽ സെക്രട്ടറി ധനേഷ് മുരളി, ട്രെഷറർ ഗിരീഷ് കുമാർ ജി, ഘോഷയാത്രാ കൺവീനർ ജഗദീഷ് ശിവൻ, ശിവാനന്ദൻ നാണു എന്നിവർ നേതൃത്വം നൽകി. കന്നി മത്സരത്തിൽത്തന്നെ ആകെയുള്ള ആറ് മത്സരവിഭാഗങ്ങളിൽ അഞ്ചിലും ഒന്നാം സമ്മാനാർഹരാകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.