മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍, കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. ഇന്ത്യ-ബഹ്‌റൈന്‍ നയതന്ത്ര ബന്ധത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചായിരുന്നു ക്യാമ്പ്. ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായി. ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി രവി ശങ്കര്‍ ശുക്ല സന്നിഹിതനായി.
രാവിലെ എട്ടു മുതല്‍ ഉച്ചക്ക് ഒന്നരവരെയായിരുന്നു രക്തദാന ക്യാമ്പ്. കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ആശുപത്രി രക്തദാന വകുപ്പ് വിഭാഗം ഇന്‍ചാര്‍ജ് നൂഫ് ആദില്‍ യൂസഫ് അല്‍ അയാതിയുടെ നേതൃത്വത്തിലുള്ള ജീവനക്കാര്‍ രക്തശേഖരണത്തിന് നേതൃത്വം നല്‍കി. ഷിഫയിലെ ഡോക്ടര്‍മാരും ജീവനക്കാരും രക്തദാനത്തില്‍ പങ്കാളികളായി.തുടര്‍ന്ന് ഷിഫയിലെ ഡോക്ടര്‍മാരുമായി അംബാസഡര്‍ കൂടിക്കാഴ്ച നടത്തി. മെഡിക്കല്‍ ടൂറിസം മേഖലയില്‍ കൂടുതല്‍ വളര്‍ച്ചക്കായ പരിശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അംബാസഡര്‍ പറഞ്ഞു. ഇന്ത്യയില്‍ കുറഞ്ഞ ചെലവില്‍ മികച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യം ലഭ്യമാണ്. ഇതിലേക്ക് കൂടുതലായി വിദേശികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് അംബാസഡര്‍ പറഞ്ഞു.
ഇന്ത്യ-ബഹ്‌റൈന്‍ നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ അമ്പതാം വാര്‍ഷികമാണ് ആഘോഷിക്കുന്നത്. ഒരു വര്‍ഷം നീണ്ട പരിപാടികളാണ് വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.അംബാസഡര്‍ക്ക് ഷിഫ സിഇഒ ഹബീബ് റഹ്മാന്‍ മെമെന്റോ സമ്മാനിച്ചു. ഡയരക്ടര്‍ ഷബീര്‍ അലി, ഡോക്ടര്‍മാര്‍ എന്നിവര്‍ സന്നിഹിതരായി.
നേരത്തെ അംബാഡറെയും സെക്കന്‍ഡ് സെക്രട്ടറിയെയും മുതിര്‍ന്ന ഡോക്ടര്‍മാരായ പി കുഞ്ഞിമൂസ, ഹരികൃഷ്ണന്‍ പിവികെ, അബ്ദുല്‍ ജലീല്‍ മണക്കാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.