മസ്കറ്റ്: മസ്കറ്റിൽ നിന്ന് 250 കിലോമീറ്ററോളം അകലെ ഇബ്രിക്കടുത്ത ഖുബാറയിൽ മലവെള്ളപാച്ചിലിൽ (വാദി) കാണാതായ രണ്ട് മലയാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കണ്ണൂർ തലശേരി എരഞ്ഞോളി സ്വദേശി ബിജീഷ്, കൊല്ലം സ്വദേശി സുജിത്ത് എന്നിവരാണ് മരിച്ചത്. വാഹനം ഒഴുക്കിൽ പെട്ട സ്ഥലത്ത് നിന്ന് അൽപം അകലെ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സിവിൽ ഡിഫൻസിന് ഒപ്പം മലയാളി സാമൂഹിക പ്രവർത്തകരും നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.ഇബ്രിക്കടുത്ത് അറാഖിയിൽ സൂപ്പർമാർക്കറ്റ് നടത്തിവരുകയായിരുന്നു ഇരുവരും. അമല എന്ന സ്ഥലത്തെ ഇവരുടെ മറ്റൊരു കടയിലേക്ക് പോകുന്നതിനിടെയാണ് ഇവരുടെ വാഹനം ഒഴുക്കിൽ പെട്ടത്. ഞായറാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. ഒഴുക്കിൽ പെട്ട വാഹനത്തിൽ കുടുങ്ങിയതിനെ തുടർന്ന് ഇവർ സുഹൃത്തിനെ വിളിക്കുകയും മാപ്പ് അടക്കം അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്ന് ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെടുകയും രാത്രി തന്നെ തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. രാത്രി തന്നെ ഇരുവരും സഞ്ചരിച്ച വാഹനം കണ്ടെത്തിയിരുന്നു.തിങ്കളാഴ്ച രാവിലെ തെരച്ചിൽ പുനരാരംഭിച്ച് വൈകാതെ ബിജീഷിന്റെ മൃതദേഹം കണ്ടെത്തി. ഉച്ചയോടെയാണ് കുറച്ചുകൂടി ദൂരെ നിന്ന് സുജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സുജിത്തിന്റെ മാതാപിതാക്കളും ഭാര്യയുമടക്കം കുടുംബാംഗങ്ങൾ ഒമാനിലുണ്ട്. ബിജീഷും കുടുംബസമേതമായിരുന്നു താമസം . ഒമാനിൽ പെട്ടന്നുണ്ടായ ന്യൂനമർദത്തെ തുടർന്ന് വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴയാണ് ഞായറാഴ്ച അനുഭവപ്പെട്ടത്. മഴയെ തുടർന്ന് ഇബ്രിയിലും പരിസരത്തും നിരവധി വാദികളാണ് രൂപപ്പെട്ടത് ഇരുവരും അപകടത്തിൽ പെട്ട വാർത്തയറിഞ്ഞ് ഞായറാഴ്ച രാത്രി അന്വേഷിക്കാൻ പോയ കൊല്ലം സ്വദേശി അനീഷിന്റെ വാഹനം മറ്റൊരു വെള്ളക്കെട്ടിൽ അപകടത്തിൽ പെട്ടിരുന്നു. വാഹനം തകരാറിലായെങ്കിലും ആൾ രക്ഷപ്പെട്ടു.ബോഡി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് . ഇന്ത്യയിലേക്ക് ഇപ്പോൾ വിമാനങ്ങൾ ഇല്ലാത്തതിനാൽ മറ്റുകാര്യങ്ങളെ കുറിച്ച് ആലോചിച്ചു തീരുമാനമെടുക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു