മസ്കത്ത്: ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘ബ്യൂട്ടിഫുൾ ബ്രിട്ടൻ’ പ്രദർശനത്തിന് തുടക്കമായി. ബോഷർ ലുലുവിൽ ഒമാനിലെ ബ്രിട്ടീഷ് അംബാസഡർ ഹാമിഷ് കോവൽ പ്രദർശനം ഉദ്ഘാടനം ചെയ്തു.ലുലു ബോഷർ, ദാർസൈത്ത്, അൽ ബന്ദർ, വാദി അൽ ലവാമി, സുഹാർ, നിസ്വ, സലാല ശാഖകളിൽ ഇൗ മാസം 16 വരെയാണ് പ്രദർശനം നടക്കുക.
ഏറ്റവും മികച്ച ബ്രിട്ടീഷ് ബ്രാൻറുകളെ സ്വദേശികൾക്കും വിദേശികൾക്കും പരിചയപ്പെടുത്തുന്നതാണ് ‘ബ്യൂട്ടിഫുൾ ബ്രിട്ടൻ’ പ്രദർശനം. വൈവിധ്യമാർന്ന ഭക്ഷ്യോത്പന്നങ്ങൾ, മധുരപലഹാരങ്ങള്‍, സീഫുഡ് ഉത്പന്നങ്ങൾ, ഇറച്ചി ഉത്പന്നങ്ങൾ എന്നിവയാണ് ബ്രിട്ടനിൽ നിന്ന് പ്രൊമോഷന് വേണ്ടി എത്തിച്ചിരിക്കുന്നത്. സ്പെഷ്യൽ ഇൻസ്റ്റോർ കൗണ്ടറുകളിൽ നിന്ന് ബ്രിട്ടീഷ് വിശിഷ്ട വിഭവങ്ങൾ രുചിച്ച് നോക്കി വാങ്ങാനും അവസരമുണ്ട്. ഫെസ്റ്റിവലിന് വേണ്ടി മാത്രം തയാറാക്കുന്ന പ്രത്യേക വിഭവങ്ങളുടെ സാമ്പ്ളിങ് കൗണ്ടറുകളും ഉണ്ടായിരിക്കും. ഡയബറ്റിക് ഫ്രണ്ട്ലി, ഗ്ലൂട്ടൻ ഫ്രീ, ജൈവ ഉത്പന്നങ്ങൾ എന്നിവയുടെ പ്രത്യേക വിഭാഗവും ഒരുക്കിയിട്ടുണ്ട്. ആരോഗ്യ കരമായ ഭക്ഷണശൈലി പിന്തുടരുന്നവർക്ക് പ്രയോജനപ്പെടുന്നതാണ് ഇൗ വിഭാഗം. ബ്രിട്ടെൻറ തനത് ബ്രാൻറുകൾ ലുലു ഒമാന് പരിചയപ്പെടുത്തുന്നതിൽ സന്തോഷമുണ്ടെന്ന് പ്രദർശനം ഉദ്ഘാടനം ചെയ്ത അംബാസഡർ ഹാമിഷ് കോവൽ പറഞ്ഞു.
ബ്രിട്ടീഷ് ഉത്പന്നങ്ങളുടെ പ്രദർശനത്തിന് എല്ലാ വർഷവും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ലുലു ഹൈപ്പർ മാർക്കറ്റ്സ് ഒമാൻ, ഇന്ത്യ ഡയറക്ടർ എ.വി ആനന്ദ് പറഞ്ഞു. കൂടുതൽ ബ്രിട്ടീഷ് ഉത്പന്നങ്ങളെ ഒമാൻ വിപണിക്ക് പരിചയപ്പെടുത്താൻ പ്രദർശന വിൽപനക്ക് സാധിച്ചിട്ടുണ്ടെന്നും ആനന്ദ് പറഞ്ഞു.